കൗൺസിലർ സ്ഥാനം രാജിവച്ച് ആർ ശ്രീലേഖ

തിരുവനന്തപുരത്ത് ബിജെപി പ്രതിസന്ധിയിൽ
 | 
sreelekha

ഒരൊറ്റ സ്വതന്ത്രന്റെ പിന്തുണയിൽ തിരുവനന്തപുരം കോർപറേഷൻ ഭരിക്കുന്ന ബിജെപിയെ വൻ പ്രതിസന്ധിയിലാക്കിക്കൊണ്ടാണ് ആർ ശ്രീലേഖയുടെ രാജി. മേയർ സ്ഥാനാർഥിയായി അവതരിപ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട് ഭരണം കിട്ടിയപ്പോൾ അവഗണിച്ച് വി.വി രാജേഷിനെ മേയറാക്കിയത് മുതൽ ശ്രീലേഖ പാർട്ടി നേതൃത്വവുമായി അകൽച്ചയിലായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടും ആദ്യം അവർ വഴങ്ങാൻ കൂട്ടാക്കിയില്ല. പിന്നീട് പാർട്ടിക്ക് വഴങ്ങി മത്സരിക്കാനിറങ്ങി വട്ടിയൂർക്കാവിൽ അവരെ മത്സരിപ്പിക്കാനായിരുന്നു ബിജെപി ഉദ്ദേശിച്ചത്. താൻ ഇവിടെ ഹാപ്പിയാണ് കൗൺസിലറായി അഞ്ച് വർഷം പൂർത്തിയാക്കുമെന്ന് അന്ന് സീറ്റ് വാഗ്ദാനം തള്ളിക്കൊണ്ട് പ്രതികരിച്ച ശ്രീലേഖയാണ് എട്ട് മാസം കഴിയുമ്പോൾ കൗൺസിലർ സ്ഥാനം വലിച്ചെറിഞ്ഞ് ബിജെപിക്ക് തിരിച്ചടി സമ്മാനിക്കുന്നത്. 

100 അംഗ കോർപറേഷനിൽ ശ്രീലേഖ രാജിവെച്ചതോടെ ഒരു സ്വതന്ത്രൻ അടക്കം 49 പേരുടെ പിന്തുണ മാത്രമേ ബിജെപിക്കുള്ളൂ. കാപ്പ കേസിൽ കൗൺസിലറായ സുഗതൻ ജയിലിൽ ആയതിനാൽ വോട്ട് ചെയ്യാൻ സാധിക്കില്ല. ശ്രീലേഖയുടെ രാജിയോടെ ഒഴിയുന്ന വാർഡിൽ അടുത്ത ആറു മാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ തങ്ങളുടെ ജനസ്വാധീനം തെളിയിക്കാനുള്ള വലിയൊരു പോരാട്ടവേദിയായി ആ ഉപതിരഞ്ഞെടുപ്പ് മാറും. നഗരസഭയിൽ ബിജെപിക്ക് ഭരണം നിലനിർത്താനുള്ള അഭിമാനപോരാട്ടത്തിന് കൂടിയാണ് ശ്രീലേഖയുടെ രാജിയോടെ വഴിതെളിയുന്നത്.