തെരഞ്ഞെടുപ്പ് ചൂടിനിടെ രാഹുല്‍ ഗാന്ധി ഇറ്റലിയിലേക്ക്; പഞ്ചാബിലെ തെരഞ്ഞെടുപ്പു റാലി മാറ്റുമെന്ന് സൂചന

 | 
Rahul Gandhi

അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുല്‍ ഗാന്ധി ഇറ്റലിയിലേക്ക്. ഡിസംബര്‍ 31ന് രാഹുല്‍ ഇറ്റലിയിലേക്ക് പോകും. വ്യക്തിപരമായ കാര്യങ്ങള്‍ക്കാണ് രാഹുലിന്റെ യാത്രയെന്നാണ് വിശദീകരണം. എത്ര ദിവസത്തേക്കാണ് രാഹുല്‍ മാറി നില്‍ക്കുന്നതെന്നും വ്യക്തമല്ല. യാത്രയുടെ പശ്ചാത്തലത്തില്‍ പഞ്ചാബിലെ മോഗ ജില്ലയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന തെരഞ്ഞെടുപ്പ് റാലി മാറ്റിയേക്കുമെന്നാണ് സൂചന.

രാഹുല്‍ പഞ്ചാബില്‍ റാലി നിശ്ചയിച്ച അതേസമയത്ത് സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. ജനുവരി 5 മുതലാണ് മോദിയുടെ നേതൃത്വത്തിലുള്ള റാലികള്‍. ഇതോടെ രാഹുലിന്റെ ഇറ്റലി യാത്ര ബിജെപി പ്രചാരണായുധമാക്കിയേക്കുമെന്ന് ഉറപ്പായി.

പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് മുന്‍പ് രാഹുല്‍ നടത്തിയ ഇറ്റലി സന്ദര്‍ശനം പല കോണുകളില്‍ നിന്നും വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു. അതേസമയം രാഹുല്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്കാണ് ഇറ്റലിയിലേക്ക് പോകുന്നതെന്നും യാത്രയെക്കുറിച്ച് ബിജെപിയും അവരുടെ മാധ്യമ സുഹൃത്തുക്കളും അപവാദങ്ങള്‍ പറഞ്ഞു പരത്തരുതെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.