രാഹുൽ ഗാന്ധിയെ രാവണനാക്കി ചിത്രീകരിച്ച സംഭവം; വിമർശനവുമായി പ്രിയങ്കാ ഗാന്ധി
കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ നവയുഗ രാവണനാക്കി ബിജെപി ചിത്രീകരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രിയങ്കാ ഗാന്ധി. രാഷ്ട്രീയത്തെയും സംവാദത്തെയും എത്രത്തോളം താഴ്ന്ന നിലവാരത്തിലെത്തിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ആക്രമണോത്സുകവും പ്രകോപനപരവുമായ ട്വീറ്റുകളോട് നിങ്ങള്‍ക്ക് യോജിപ്പുണ്ടോ എന്നും പ്രിയങ്കാ ഗാന്ധി എക്‌സിലൂടെ പങ്കുവെച്ച കുറിപ്പിൽ ചോദിച്ചു.
'ഏറെ ആദരണീയരായ നരേന്ദ്ര മോദി, ജെ.പി. നഡ്ഡ, രാഷ്ട്രീയത്തെയും സംവാദത്തെയും എത്രത്തോളം താഴ്ന്ന നിലവാരത്തിലെത്തിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? നിങ്ങളുടെ പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍നിന്ന് പോസ്റ്റ് ചെയ്യപ്പെടുന്ന ആക്രമണോത്സുകവും പ്രകോപനപരവുമായ ട്വീറ്റുകളോട് നിങ്ങള്‍ക്ക് യോജിപ്പുണ്ടോ? ധാര്‍മികതയെക്കുറിച്ച് നിങ്ങള്‍ പ്രതിജ്ഞയെടുത്തിട്ട് അധികമായിട്ടില്ല. നിങ്ങളുടെ വാഗ്ദാനങ്ങൾ പോലെ, പ്രതിജ്ഞകളും നിങ്ങൾ മറന്നുപോയോ', പ്രിയങ്ക എക്‌സില്‍ പങ്കുവെച്ച കുറിപ്പിൽ ചോദിച്ചു.
രാഹുൽ ഗാന്ധിയെ നവയുഗ രാവണനാക്കി ബിജെപി ഇന്നലെയാണ് ‘എക്സി’ൽ പോസ്റ്ററിട്ടത്. പോസ്റ്ററിൽ രാഹുൽഗാന്ധിക്ക് കുറേ തലകൾ ചേർത്തു വച്ച് ‘രാവൺ’ എന്നാണ് പേര് നൽകിയത്. 'ഇതാ പുതുതലമുറയിലെ രാവണൻ. അയാൾ തിന്മയാണ്. ധർമത്തിനും രാമനും എതിരെ പ്രവർത്തിക്കുന്നവൻ. ഭാരതത്തെ തകർക്കുകയാണ് അയാളുടെ ലക്ഷ്യം', എന്ന കുറിപ്പോടെയാണ് രാഹുൽ ഗാന്ധിയെ രാവണനാക്കിയ പോസ്റ്റർ ബിജെപി പങ്കുവെച്ചത്.