രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം പുന:സ്ഥാപിച്ചു

 | 
rahul gandhi

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം പുന:സ്ഥാപിക്കാൻ ലോക്‌സഭാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം പുറത്തിറങ്ങി. പാർലമെൻ്റ് സമ്മേളനം ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം അവശേഷിക്കെയാണ് രാഹുൽ ഗാന്ധിയുടെ അംഗത്വം പുന:സ്ഥാപിച്ചു കൊണ്ട് ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയത്. രാവിലെ രേഖകളെല്ലാം പരിശോധിച്ച് ഉറപ്പ് വരുത്തി സ്പീക്കറുടെ അനുമതിയോടെയായിരുന്നു രാഹുൽ ഗാന്ധിയുടെ അംഗത്വം പുന:സ്ഥാപിക്കാനുള്ള ലോക്സഭാ സെക്രട്ടറിയേറ്റിൻ്റെ തീരുമാനം. നേരത്തെ അംഗത്വം റദ്ദാക്കിയ വിജ്ഞാപനം ഇറക്കിയതിനാൽ രാഹുൽ ഗാന്ധിയുടെ അംഗത്വം പുന:സ്ഥാപിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങിയാൽ മാത്രമെ രാഹുൽ ഗാന്ധിക്ക് ലോക്സഭാ നടപടിക്രമങ്ങളിൽ പങ്കെടുക്കാൻ സാധിക്കുമായിരുന്നുള്ളു.

രാഹുലിൻ്റെ അംഗത്വം പുന:സ്ഥാപിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങിയതോടെ എഐസിസി ഓഫീസിൽ വലിയ ആഘോഷങ്ങളാണ് അരങ്ങേറിയത്. ലോക്സഭയിലേക്ക് രാഹുൽ ഗാന്ധി ഇന്ന് തന്നെ എത്തിച്ചേരും. രാവിലെ സഭ ചേർന്നപ്പോൾ പ്രതിപക്ഷം ബഹളമുണ്ടാക്കിയതിനെ തുടർന്ന് 12 മണിവരെ സഭ പിരിഞ്ഞിരുന്നു. 12 മണിക്ക് സഭ വീണ്ടും ചേരുമ്പോൾ രാഹുൽ ഗാന്ധി എത്തുമെന്നാണ് വിവരം. ലോക്സഭയിലേക്കുള്ള രാഹുലിൻ്റെ വരവ് പ്രതിപക്ഷം ആഘോഷമാക്കും. 'ഇന്ത്യ' മുന്നണിയുടെ എംപിമാർ രാഹുൽ ഗാന്ധിക്ക് ഗംഭീര സ്വീകരണം ഒരുക്കും. ലോക്സഭ പന്ത്രണ്ട് പാർലമെന്റിന്റെ ഒന്നാം നമ്പർ ഗേറ്റിൽ കോൺഗ്രസ് എംപിമാർ രാഹുലിനെ സ്വീകരിക്കും.

ചൊവ്വ, ബുധൻ ദിവസങ്ങളിലായി നടക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയിലും രാഹുൽ ഗാന്ധി പങ്കെടുക്കുമെന്നാണ് സൂചന. അവിശ്വാസ പ്രമേയം ചർച്ചയിൽ സംസാരിക്കുന്നവരുടെ പട്ടികയിൽ രാഹുലിനെ ചേർത്ത് സമർപ്പിക്കുമെന്നാണ് വിവരം. അടിയന്തിര പ്രമേയം അവതരിപ്പിക്കുന്ന ഗൗരവ് ഗോഗോയിക്ക് ശേഷം പ്രതിപക്ഷ നിരയിൽ നിന്ന് ആദ്യം സംസാരിക്കുക രാഹുൽ ഗാന്ധിയായിരിക്കും. അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യം ഗുണകരമാകുമെന്നാണ് പ്രതിപക്ഷ സഖ്യം വിലയിരുത്തുന്നത്.