വീണ്ടും മഴ വ്യാപകമാവുന്നു; തെക്കൻ തമിഴ്നാടിന് സമീപം ചക്രവാതചുഴി

 | 
Rain

സംസ്ഥാനത്ത് വീണ്ടും വ്യാപക മഴക്ക് സാധ്യത.  അടുത്ത മൂന്നു മണിക്കൂറിൽ മഴ ശക്തമാവും. 11 ജില്ലകളിൽ‌  ജാഗ്രതാ നിർദേശം നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കു സാധ്യതയെന്നാണു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ മലയോര മേഖലയിൽ ഉൾപ്പെടെ പൊതുജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു 

തെക്കൻ തമിഴ്നാടിന് സമീപം ചക്രവാതച്ചുഴി രൂപമെടുത്തു. സംസ്ഥാനത്ത് വ്യാഴാഴ്ച അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. ഞായറാഴ്ച വരെ വ്യാപക മഴ ലഭിച്ചേക്കാം. 

കോട്ടയം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണു പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ജില്ലയിൽ ഒക്‌ടോബർ 22 മുതൽ 24 വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.