'രാജീവ് ചന്ദ്രശേഖർ കൊടും വിഷം'; കേന്ദ്ര മന്ത്രിയെ രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ

 | 
hyuk


 കേരളം തീവ്രവാദ ശക്തികളുടെ കേന്ദ്രമാണെന്ന കേന്ദ്ര മന്ത്രിയുടെ രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജീവ് ചന്ദ്രശേഖർ കൊടും വിഷമാണെന്നും ഒരു വിടുവായൻ പറയുന്ന കാര്യമാണ് മന്ത്രി പറഞ്ഞത് എന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

കേന്ദ്രമന്ത്രി തൻ്റേതായ രീതിയിൽ കാര്യങ്ങൾ സ്വീകരിക്കുന്നു. അദ്ദേഹം രാജ്യത്തിൻ്റെ മന്ത്രി ആണ്. ആ മന്ത്രിക്ക് അന്വേഷണ ഏജൻസികളെ വിശ്വാസം വേണം. സാധാരണ നിലയ്ക്ക് ഒരു വിടുവായൻ പറയുന്ന കാര്യമാണ് അദ്ദേഹം പറഞ്ഞത്. അത് ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ട കാര്യമല്ല. കേരളത്തിൻറെ തനിമ തകർക്കുന്ന കാര്യങ്ങളാണ് അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾ പ്രചരിപ്പിച്ചത്. ഒരു വിഭാഗത്തെപ്പറ്റി പ്രചാരണം നടത്തി. പക്ഷേ കേരളം അങ്ങനെയല്ല. ഒരു വർഗീയതയോടും കേരളം വിട്ടുവീഴ്ച ചെയ്യില്ല. ഇന്ത്യ രാജ്യത്ത് തന്നെ ഒരു തുരുത്താണ് കേരളം. അത് ലോകവും രാജ്യവും അംഗീകരിച്ചതാണ്. അത് അദ്ദേഹത്തിന് മനസിലാകില്ല. കേരളത്തിൻ്റെ തനിമ കളയാൻ ആരെയും അനുവദിക്കില്ല. അദ്ദേഹം വെറും വിഷമല്ല, കൊടും വിഷം. അത് അദ്ദേഹത്തിന് ഒരു അലങ്കാരമാണ് എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

അപകടം സംഭവിക്കുമ്പോൾ എന്ത് ചെയ്യണം എന്ന് യഹോവ സാക്ഷികളുടെ പരിപാടിയിൽ പറയാറുണ്ട്. അങ്ങനെ നടത്തിയത് കൊണ്ട് ആണ് ആളുകൾ ഓടുന്നത് ഇല്ലാതായത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എല്ലാ സ്ഥലത്തുമുള്ള ഡോക്ടർമാർ നല്ല പ്രതീക്ഷയിലാണ്. നല്ല അർപ്പണ ബോധത്തോടെയാണ് കാര്യങ്ങൾ നിർവഹിക്കുന്നത്. ചികിത്സാരംഗത്ത് നല്ല സമീപനമാണ് കാണാൻ കഴിയുന്നത്. മാർട്ടിൻ സമ്മതിച്ച കാര്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മറ്റു മാനം ഉണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കും. അന്വേഷണം നല്ല നിലയിൽ മുന്നോട്ട് പോകുന്നു. കേരളത്തിൻ്റെ പ്രത്യേകത സൗഹാർദവും സാഹോദര്യവും ആണ്. ഇത് തകർക്കാൻ ശ്രമിക്കുന്ന വരെ ഒറ്റപ്പെടുത്തണം.

ഇന്നലെ കാലത്ത് അന്വേഷണം ആരംഭിച്ചപ്പോൾ ഡിജിപി പറഞ്ഞിരുന്നു, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത് എന്ന്. അത് എല്ലാ മാധ്യമങ്ങളും ഏറ്റെടുത്തു. വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നടപടിയുണ്ടാകും. ചികിത്സയിൽ കഴിയുന്നവരുടെ ചിലവ് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ല. ഇത്തരം കാര്യങ്ങളിൽ സംസ്ഥാനം മാതൃകാപരമായ രീതിയാണ് സ്വീകരിച്ചു വരുന്നത് എന്നും അദ്ദേഹം പറഞ്ഞു.