ഹോക്കി ആഘോഷത്തിനെ മറയാക്കി രാജീവ് ഗാന്ധിയെ വെട്ടി, ഇനി ധ്യാൻചന്ദ് ഖേൽരത്ന.
ഇന്ത്യമുഴുവൻ ഹോക്കി ടീമിന്റെ വിജയം ആഘോഷിക്കുന്ന സമയത്തെ എങ്ങിനെ കൃത്യമായി ഉപയോഗപ്പെടുത്താം എന്നു കേന്ദ്രസർക്കർ കാണിച്ചു തന്നു. ഇന്ത്യയിലെ കായിക രംഗത്തെ ഏറ്റവും വലിയ പുരസ്ക്കാരത്തിന്റെ പേര് ഹോക്കി മാന്ത്രികന്റെ പേരിലേക്ക് കൃത്യസമയത്ത് മാറ്റി. രാജീവ് ഗാന്ധി ഖേൽ രത്ന ഇനിമുതൽ മേജർ ധ്യാൻചന്ദ് ഖേൽരത്ന ആയിരിക്കും. പൊതുജന അഭിപ്രായം എന്നാണ് പേരുമാറ്റത്തിനു കാരണമായി പറഞ്ഞിട്ടുള്ളത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. മേജർ ധ്യാൻ ചന്ദിന്റെ പേരിൽ ഖേൽ രത്ന അവാർഡ് നൽകണമെന്ന് നിരവധി അഭ്യർത്ഥനകൾ ലഭിച്ചുവെന്നും അത് കണക്കിലെടുത്താണ് പേരുമാറ്റമെന്നും മോദി ട്വീറ്റ് ചെയ്തു. ‘ധ്യാൻ ചന്ദ് ഇന്ത്യയുടെ മുൻനിര കായികതാരങ്ങളിൽ ഒരാളായിരുന്നു, ഇന്ത്യയ്ക്ക് അദ്ദേഹം അഭിമാനമാണ്. നമ്മുടെ രാജ്യത്തിന്റെ പരമോന്നത കായിക ബഹുമതി അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്നത് ഉചിതമാണ്’. പ്രധാനന്ത്രി പറഞ്ഞു.
രാജീവ് ഗാന്ധിയുടെ പേര് മാറ്റി ധ്യാൻചന്ദിന്റേ പേരിൽ പുരസ്ക്കാരം കൊടുക്കണമെന്ന ആവശ്യം രാജ്യമൊട്ടാകെ നിന്നും വന്നു എന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാൽ ഇതിന്റെ പിന്നിലെ രാഷ്ട്രീയം കൃത്യമായി വ്യക്തമാണെന്ന് പ്രതിപക്ഷവും പറഞ്ഞു. ഇത് തികച്ചും അനുചിതമായെന്നും ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ സംഭാവനകളെ സർക്കാർ വിസ്മരിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. ഇങ്ങിനെയൊക്കെയാണ് കാവിവൽക്കരണം വരുന്നതെന്നും കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.