ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്ത് പാക് സൈനിക ആസ്ഥാനം വരെ അറിഞ്ഞു- രാജ്‌നാഥ് സിങ്

തീവ്രവാദസംഘടനകളോട് ഓപ്പറേഷന്‍ സിന്ദൂറിലൂടെ സൈന്യം പകരംവീട്ടിയെന്ന് അദ്ദേഹം പറഞ്ഞു
 | 
Rajnath Singh

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ പ്രകീര്‍ത്തിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. നിരവധി സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരംമായ്ച്ച ഇന്ത്യാവിരുദ്ധ-തീവ്രവാദസംഘടനകളോട് ഓപ്പറേഷന്‍ സിന്ദൂറിലൂടെ സൈന്യം പകരംവീട്ടിയെന്ന് അദ്ദേഹം പറഞ്ഞു. ലഖ്‌നൗവിലെ ഉത്തര്‍ പ്രദേശ് പ്രതിരോധ വ്യവസായ ഇടനാഴിയില്‍ ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ പ്രൊഡക്ഷന്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.

ഇന്ത്യന്‍ സൈന്യത്തിന്റെ നടപടി അതിര്‍ത്തിമേഖലകളില്‍ മാത്രമായി ചുരുങ്ങിയില്ലെന്നും റാവല്‍പിണ്ടിയിലെ പാകിസ്താന്റെ സൈനിക ആസ്ഥാനത്തും ഉച്ചത്തില്‍ പ്രതിധ്വനിച്ചെന്ന് രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ സാധാരണക്കാരെയും ആരാധനാലയങ്ങളെയും ലക്ഷ്യംവെച്ചുള്ള പാക് പ്രതികരണത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇന്ത്യ നടത്തിയ തിരിച്ചടിയില്‍, സൈന്യം കൃത്യതയോടെ ഭീകരവാദ കേന്ദ്രങ്ങളെ മാത്രമാണ് തകര്‍ത്തതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ മറുപടി നല്‍കിയതിനു പിന്നാലെ പാകിസ്താന്റെ ഭാഗത്തുനിന്ന് വലിയ പ്രകോപനമുണ്ടായിരുന്നു. പാകിസ്താന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ ഇന്ത്യ പ്രതിരോധിക്കുകയും തരിപ്പണമാക്കുകയും ചെയ്തിരുന്നു. മൂന്നുദിവസത്തിലേറെ നീണ്ടുനിന്ന സംഘര്‍ഷത്തിന് ശനിയാഴ്ച വൈകിട്ടത്തെ വെടിനിര്‍ത്തല്‍ ധാരണയോടെയാണ് അയവുണ്ടായത്. എന്നാല്‍, പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കിടെയും പാകിസ്താന്റെ ഭാഗത്തുനിന്ന് വീണ്ടും പ്രകോപനമുണ്ടായിരുന്നു.