ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല
പീഡനക്കേസിൽ റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യമില്ല. വിശദമായ വാദത്തിനു ശേഷമാണ് തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് രാഹുലിന് ജാമ്യം നിഷേധിച്ചത്. ജഡ്ജി അരുന്ധതി ദിലീപ് ആണ് ജാമ്യഹർജി തള്ളി ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം അടച്ചിട്ട കോടതി മുറിയിൽ പ്രതിഭാഗവും പ്രോസിക്യൂഷനും തമ്മിൽ നീണ്ട വാദപ്രതിവാദങ്ങൾ നടന്നിരുന്നു. പ്രോസിക്യൂഷനു വേണ്ടി എപിപി (അസിസ്റ്റ്ന്റ് പബ്ലിക് പ്രോസിക്യൂട്ടർ) എം.ജി.ദേവിയാണ് ഹാജരായത്.
അതിജീവിതയുടെ വിവരങ്ങൾ പുറത്താകാതിരിക്കാൻ വാദം അടച്ചിട്ട കോടതിമുറിയിൽ വേണമെന്ന് അസിസ്റ്റ്ന്റ് പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടിരുന്നു. മജിസ്ട്രേട്ട് പ്രതിഭാഗം അഭിഭാഷകനായ ശാസ്തമംഗലം അജിത് കുമാറിനോട് വാദം അടച്ചിട്ട കോടതിമുറിയിൽ വേണോയെന്നു ചേദിച്ചിരുന്നു. തുടർന്ന് പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം അടച്ചിട്ട കോടതിമുറിയിൽ ആകാമെന്നു അറിയിക്കുകയായിരുന്നു. തുടർന്ന് കോടതിമുറിയിൽ നിന്ന് കേസുമായി ബന്ധമില്ലാത്ത എല്ലാവരെയും പുറത്താക്കിയാണു വാദം നടന്നത്.

