പലഹാരം സൂക്ഷിക്കുന്ന ചില്ലുകൂട്ടില്‍ എലി; വീഡിയോ എടുത്ത് വിദ്യാര്‍ത്ഥികള്‍, ബേക്കറി പൂട്ടി

 | 
Rat in Bakery

പലഹാരങ്ങള്‍ സൂക്ഷിക്കുന്ന ചില്ലലമാരയില്‍ എലിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ബേക്കറി അടച്ചുപൂട്ടി ഭക്ഷ്യസുരക്ഷാ വകുപ്പ്. കോഴിക്കോട്, ഈസ്റ്റ് ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ട്ബണ്‍സ് എന്ന ബേക്കറിക്കെതിരെയാണ് നടപടിയെടുത്തത്. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ ചില്ലുകൂട്ടിലൂടെ എലി ഓടിനടക്കുന്ന ദൃശ്യം പകര്‍ത്തി ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറുകയായിരുന്നു.

ബുധനാഴ്ച വൈകിട്ട് 7 മണിയോടെയാണ് ബേക്കറിയില്‍ പരിശോധന നടന്നത്. പരിശോധനയില്‍ ബേക്കറിക്കുള്ളില്‍ എലിയുടെ കാഷ്ഠവും മൂത്രവും മറ്റും കണ്ടെത്തി. ഇതോടെ ബേക്കറിക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്ഥാപനം പ്രവര്‍ത്തിക്കുന്നത് ലൈസന്‍സ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണെന്നും പൊതുജനാരോഗ്യത്തിന് ഹാനികരമായ വിധത്തിലാണ് ഭക്ഷണ വിപണനം നടത്തുന്നതെന്നും കണ്ടെത്തി.

ഇതേത്തുടര്‍ന്ന് ബേക്കറിയുടെ ഫുഡ് സേഫ്റ്റി ലൈസന്‍സ് റദ്ദാക്കി. ഡോ.വിഷ്ണു, എസ്. ഷാജി, ഡോ.ജോസഫ് കുര്യാക്കോസ് എന്നിവരടങ്ങുന്ന ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡാണ് പരിശോധന നടത്തിയത്.