റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും കുറച്ചു: വായ്പകളെടുത്തവര്‍ക്ക് ആശ്വാസം

പലിശ നിരക്കില്‍ 0.50 ശതമാനം കുറവ് വരുന്നതോടെ പ്രതിമാസ തിരിച്ചടവ് തുക കുറയും
 
 | 
Loan

മൂന്നാമത്തെ തവണയും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചത് ഭവന-വാഹന വായ്പകളെടുത്തവര്‍ക്ക് ആശ്വാസമാകും. ചെറുകിട ബിസിനസ് ലോണുകള്‍, കാര്‍ഷിക വായ്പ തുടങ്ങിയവ എടുത്തവര്‍ക്കും കൂടുതല്‍ തുക മിച്ചം പിടിക്കാനാകും.

പലിശ നിരക്കില്‍ 0.50 ശതമാനം കുറവ് വരുന്നതോടെ പ്രതിമാസ തിരിച്ചടവ് തുകയില്‍ നല്ലൊരു തുക ലാഭിക്കാം. അതല്ലെങ്കില്‍ ഇ.എം.ഐ അതുപോലെതന്നെ നിലനിര്‍ത്തി കാലാവധി കുറയ്ക്കാനുള്ള അവസരം പ്രയോജനപ്പെടുത്താം.

ഉദാഹരണത്തിന്, 20 വര്‍ഷ കാലയളവില്‍ 9 ശതമാനം പലിശ നിരക്കില്‍ 30 ലക്ഷം രൂപയുടെ ഭവന വായ്പയെടുത്തവരുടെ പലിശ 8.5 ശതമാനമായി കുറയും. അങ്ങനെയെങ്കില്‍ നിലവിലെ തിരിച്ചടവ് തുകയില്‍ 957 രൂപയുടെ കുറവുണ്ടാകും. ഒരുവര്‍ഷം 11,484 രൂപ മിച്ചം പിടിക്കാനാകും. 50 ലക്ഷമാണ് വായ്പയെങ്കില്‍ പ്രതിമാസം 1595 രൂപയുടെ നേട്ടമുണ്ടാകും. ഇതിലൂടെ 19,140 രൂപ ഒരു വര്‍ഷം ലാഭിക്കാം.

ഇ.എം.ഐ മാറ്റമില്ലാതെ നിലനിര്‍ത്തി കാലാവധി കുറയ്ക്കുന്നതാണ് കൂടുതല്‍ മെച്ചം. മൊത്തം പലിശ ബാധ്യതയില്‍ കുറവുണ്ടാകാന്‍ അത് സഹായകരമാകും. ഏപ്രില്‍ മുതല്‍ ആദായ നികുതി ബാധ്യത കുറഞ്ഞതിനാല്‍ ഇ.എം.ഐ അതേപടി നിലനിര്‍ത്തി വായ്പ വേഗം തിരിച്ചടയ്ക്കുന്നതാകും ഉചിതം.

ബാഹ്യ സൂചിക (ഇബിഎല്‍ആര്‍) അടിസ്ഥാനമാക്കിയുള്ള വായ്പകളാണ് വാണിജ്യ ബാങ്കുകളില്‍ ഇപ്പോള്‍ കൂടുതല്‍. അതില്‍തന്നെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച വായ്പകളിലാകും പലിശയിളവ് വേഗം പ്രതിഫലിക്കുക. ഭവന വായ്പകള്‍, ചെറുകിട ബിസിനസ് (എം.എസ്.എം.ഇ) ലോണുകള്‍, വാഹന-വിദ്യാഭ്യാസ-കാര്‍ഷിക വായ്പകള്‍ തുടങ്ങിയവയിലേറെയും റിപ്പോ റേറ്റുമായി (ഇബിഎല്‍ആര്‍) ബന്ധിപ്പിച്ചവയാണ്.