അലക്ഷ്യമായ ഡ്രൈവിം​ഗ്; സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ്

 | 
suraj venjaramood

കൊച്ചി: ബൈക്കും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കാറുമായി ഇന്ന് പൊലീസ് സ്റ്റേഷനിൽ ​ഹാജരാകാനാണ് നിർദ്ദേശം. കഴിഞ്ഞ ദിവസം സംഭവിച്ച അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. എറണാകുളം പാലാരിവട്ടത്തുണ്ടായ അപകടത്തിൽ മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ശരത്തിന്റെ കാലിന് സാരമായി പരിക്കേറ്റിരുന്നു. ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. സുരാജിന് കാര്യമായ പരിക്കുകളില്ല.

കാറിൽ തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു നടൻ. ഈ സമയമാണ് എതിർ വശത്ത് നിന്നു വന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റ ശരത്തിനെ നടനും കൂടി ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് സുരാജ് മടങ്ങുകയും ചെയ്തിരുന്നു. പാലാരിവട്ടം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.