നിയമന തട്ടിപ്പ്; അഖിൽ സജീവിനെ അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു
ആരോഗ്യവകുപ്പിലെ നിയമന തട്ടിപ്പുകേസിലെ മുഖ്യ പ്രതി അഖിൽ സജീവിനെ അഞ്ചുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. പ്രതിയെ കോടതിയിൽ ഹാജരാക്കാൻ പൊലീസ് വൈകിച്ചുവെന്ന് പ്രതിഭാഗം ആരോപിച്ചു. 24 മണിക്കൂറിനു മുമ്പ് അഖിൽ സജീവനെ കോടതിയിൽ ഹാജരാക്കിയില്ലെന്നാണ് പ്രതിഭാഗം ആരോപിക്കുന്നത്
അതേസമയം നിയമനത്തട്ടിപ്പുകള്‍ക്ക് പിന്നില്‍ എഐവൈഎഫ് നേതാവ് ആയിരുന്ന അഡ്വ. ബാസിത് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ആരോഗ്യ പ്രശ്നമുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ചോദ്യം ചെയ്യലിന് എത്താൻ അസൗകര്യമുണ്ടെന്ന് കന്റോൺമെന്റ് പൊലീസിനെ അറിയിച്ചു. ഇന്ന് 11 മണിക്ക് ചോദ്യം ചെയ്യലിന് എത്താനാണ് ബാസിത്തിനോട് പൊലീസ് പറഞ്ഞിട്ടുണ്ടായിരുന്നത്. എന്നാൽ പൊലീസ് സ്റ്റേഷനിലെ നമ്പരിൽ വിളിച്ച് തനിക്ക് ചെങ്കണ്ണാണെന്നും എത്താൻ കഴിയില്ലെന്നുമാണ് അദ്ദേഹം അറിയിച്ചത്.