കോവിഡിന്റെ ഉറവിടം കണ്ടെത്താന്‍ വീണ്ടും അന്വേഷണം; പുതിയ സംഘം രൂപീകരിച്ച് ലോകാരോഗ്യ സംഘടന

 | 
Corona
കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്താനായി വീണ്ടും അന്വേഷണം നടത്താനൊരുങ്ങി ലോകാരോഗ്യ സംഘടന

കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്താനായി വീണ്ടും അന്വേഷണം നടത്താനൊരുങ്ങി ലോകാരോഗ്യ സംഘടന. ഇതിനായി പുതിയ സംഘത്തെ നിയോഗിച്ചു. 26 അംഗ വിദഗ്ദ്ധ സംഘത്തിനാണ് രൂപം നല്‍കിയത്. വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള അവസാന അവസരമാണ് ഇതെന്ന് സംഘടന വ്യക്തമാക്കി. ആദ്യ രോഗികളുടെ വിവരങ്ങള്‍ നല്‍കാന്‍ ലോകാരോഗ്യ സംഘടന ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2019 ഡിസംബറിലാണ് ചൈനയിലെ വുഹാനില്‍ ആദ്യമായി കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ലാബുകളില്‍ നിന്ന് രക്ഷപ്പെട്ട വൈറസുകളാണ് മനുഷ്യരിലേക്ക് പടര്‍ന്ന് മഹാമാരിക്ക് കാരണമായതെന്ന ആരോപണങ്ങള്‍ ചൈന നിരന്തരം നിഷേധിച്ചിരുന്നു. അന്വേഷണത്തിനായി കൂടുതല്‍ സന്ദര്‍ശനങ്ങള്‍ നടത്തുന്നതില്‍ നിന്ന് ലോകാരോഗ്യ സംഘടയെ തടയാനും ചൈന ശ്രമിച്ചു.

ഈ വര്‍ഷം ആദ്യം വുഹാനില്‍ ലോകാരോഗ്യ സംഘടനയുടെ വിദ്ഗദ്ധ സംഘം ഒരു മാസത്തോളം പഠനം നടത്തിയിരുന്നു. ചൈനീസ് ശാസ്ത്രജ്ഞര്‍ക്കൊപ്പമായിരുന്നു പഠനം. വവ്വാലുകളില്‍ നിന്ന് മറ്റു മൃഗങ്ങളിലേക്ക് വ്യാപിച്ച വൈറസ് പിന്നീട് മനുഷ്യരില്‍ എത്തിച്ചേര്‍ന്നതായിരിക്കാം എന്ന നിഗമനത്തിലാണ് പഠനം എത്തിച്ചേര്‍ന്നത്. എങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ വേണമെന്ന് സംഘം പറഞ്ഞിരുന്നു.