ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

 | 
rekha gupta

ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ചത്. രാവിലെ 11 മണിക്ക് രാംലീല മൈതാനത്താണ് സത്യപ്രതിജ്ഞ ചടങ്ങ്.

പാര്‍ട്ടി സംസ്ഥാന ആസ്ഥാനത്ത് കേന്ദ്ര നിരീക്ഷകരായ രവിശങ്കര്‍ പ്രസാദ്, ഓം പ്രകാശ് ധന്‍ഖര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന നിയമസഭ കക്ഷി യോഗത്തില്‍, പര്‍വേഷ് വര്‍മ്മയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് രേഖ ഗുപ്തയുടെ പേര് നിര്‍ദ്ദേശിച്ചത്. നിര്‍ദ്ദേശം ഏകകണ്ഠമായി പാസായി. രവിശങ്കര്‍ പ്രസാദ് രേഖ ഗുപ്തയെ നേതാവായി തെരഞ്ഞെടുത്തതായി ഔപചാരികമായി പ്രഖ്യാപിച്ചു. രേഖ ഗുപ്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചു.

ഒന്‍തോളം പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടെങ്കിലും വനിത-ഒബിസി-മധ്യവര്‍ഗത്തിന്റെ പ്രതിനിധി എന്നീ മൂന്ന് ഘടകങ്ങള്‍ രേഖ ഗുപ്തക്ക് തുണയായി. പര്‍വേഷ് വര്‍മയെ ഉപമുഖ്യമന്ത്രിയായും വിജേന്ദര്‍ ഗുപ്തയെ സ്പീക്കറായും തീരുമാനിച്ചു. രാംലീല മൈതാനത്ത് നടക്കുന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ദേശീയ നേതാക്കള്‍, എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ക്രിക്കറ്റ്-സിനിമാതാരങ്ങള്‍ അടക്കമുള്ള ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുള്ളവരുടെ സാന്നിധ്യം ചടങ്ങില്‍ ഉറപ്പുവരുത്തുമെന്ന് സംസ്ഥാന ബിജെപി നേതൃത്വം അറിയിച്ചു.