ജലന്ധര്‍ രൂപതയിലെ കന്യാസ്ത്രീയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍; കളക്ടര്‍ക്ക് പരാതി

 | 
Sister Mary Mercy

ജലന്ധര്‍ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍വെന്റിലെ കന്യാസ്ത്രീയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍. ജലന്ധര്‍ രൂപതയില്‍പ്പെട്ട സാദിഖ് ഔവ്വര്‍ലേഡി ഓഫ് അസംപ്ഷന്‍ കോണ്‍വെന്റില്‍ അന്തേവാസിയായ അര്‍ത്തുങ്കല്‍ കാക്കിരിയില്‍ ജോണ്‍ ഔസേഫിന്റെ മകള്‍ മേരിമേഴ്‌സി(31) ആണ് മരിച്ചത്. ഇവരെ ചൊവ്വാഴ്ച ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയെന്നാണ് മഠം അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്.

എന്നാല്‍ തന്റെ മകള്‍ക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും സംഭവത്തില്‍ സംശയമുണ്ടെന്നും കാട്ടി പിതാവ് ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. നാലു വര്‍ഷമായി മേരി മേഴ്‌സി ഇതേ കോണ്‍വെന്റിലാണ് കഴിയുന്നത്. 29ന് രാത്രി മകള്‍ വീട്ടിലേക്ക് വിളിച്ചിരുന്നു. സന്തോഷത്തോടെയാണ് സംസാരിച്ചതെന്നും 2-ാം തിയതിയിലെ ജന്മദിനത്തെക്കുറിച്ച് ആഹ്ലാദത്തോടെ സംസാരിച്ചുവെന്നും പരാതിയില്‍ പറയുന്നു. കന്യാസ്ത്രീയുടെ മരണത്തിലും പോസ്റ്റ്‌മോര്‍ട്ടത്തിലും സംശയമുള്ളതിനാല്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും പരാതിയില്‍ പറയുന്നു. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

അതേസമയം കന്യാസ്ത്രീയുടെ മരണം ബന്ധുക്കളെയും പോലീസിനെയും അറിയിച്ചതിന് ശേഷമാണ് തുടര്‍നടപടികള്‍ സ്വീകരിച്ചതെന്ന് മഠം അധികൃതര്‍ അറിയിച്ചു. സിസ്റ്റര്‍ എഴുതിയ കത്തില്‍ കുടുംബാംഗങ്ങളോടും സന്യാസസഭ അംഗങ്ങളോടും ക്ഷമചോദിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് പോസ്റ്റുമോര്‍ട്ടമടക്കമുള്ള നടപടികള്‍ സ്വീകരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിലും പോലീസ് അന്വേഷണത്തിലും ആത്മഹത്യയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഫ്രാന്‍സിസ്‌കന്‍ ഇമ്മാക്കുലേറ്റന്‍ സിസ്റ്റേഴ്‌സ് ഡെലിഗേറ്റ് വികാര്‍ സിസ്റ്റര്‍ മരിയ ഇന്ദിര വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.