സർക്കാരിന് ആശ്വാസം; ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ കേസിൽ ഹർജി തള്ളി ലോകായുക്ത

 | 
fb

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്നാരോപിച്ച് ആർഎസ് ശശികുമാർ നൽകിയ ഹർജി ലോകായുക്ത ഫുൾബെഞ്ച് തള്ളി. മന്ത്രിസഭയുടെ തീരുമാനം പരിശോധിക്കാൻ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് സിറിയക് ജോസഫ് വിധിയെഴുതി. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകയുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണു വിധി പ്രസ്താവിച്ചത്. 

ഉപലോകായുക്തമാർ വിധി പറയരുതെന്ന ആദ്യത്തെ ഹർജി ആദ്യം തന്നെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാന ഹർജിയും ലോകായുക്ത ഫുൾ ബെഞ്ച് തള്ളിയത്. വിധി പറയുന്നതിൽ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദിനെയും, ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെയും ഒഴിവാക്കണമെന്ന പരാതിക്കാരൻ ആർഎസ് ശശികുമാറിൻറെ ഹർജിയാണ് ആദ്യം തള്ളിയത്.ഇതിനുശേഷമാണ് ചട്ടം ലംഘിച്ച് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാറിലെ 18 മന്ത്രിമാർക്കുമെതിരെയായ പ്രധാന ഹർജിയും ലോകായുക്ത തള്ളിയത്.

ചട്ടം ലംഘിച്ച് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാറിലെ 18 മന്ത്രിമാർക്കുമെതിരെയായിരുന്നു ഹർജി. 2018 ൽ നൽകിയ ഹർജിയിലാണ് ഫുൾബെഞ്ചിന്റെ വിധി വന്നിരിക്കുന്നത്.2018 സെപ്റ്റംബർ ഏഴിനാണു ആർ എസ് ശശികുമാർ ഹർജി ഫയൽ ചെയ്തത്.

ഡിവിഷൻ ബെഞ്ചിലുണ്ടായ ഭിന്നവിധിയെ തുടർന്നു ഹർജിയിൽ തീരുമാനമെടുക്കുന്നതിനായി മൂന്നംഗ ബെഞ്ചിന് മാർച്ച് മാർച്ച് 31ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് വിടുകയായിരുന്നു. വിധി പറയുന്നതിൽ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദിനെയും, ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെയും ഒഴിവാക്കണമെന്ന് പരാതിക്കാരൻ ആർഎസ് ശശികുമാറിന്റെ ഹരജിയിലുണ്ടായിരുന്നു. വാദം കേട്ട ഈ രണ്ട് ഉപ ലോകായുക്തമാർ, ദുരിതാശ്വാസനിധി പരാതിയിൽ ഉൾപ്പെട്ട ചെങ്ങന്നൂർ മുൻ എംഎൽഎ പരേതനായ കെ കെ രാമചന്ദ്രൻനായരുടെ ജീവചരിത്രം പ്രകാശനം ചെയ്തത് വിവാദമായ സാഹചര്യത്തിൽ വിധി പറയുന്നതിൽ നിന്ന് രണ്ട് ഉപ ലോകായുക്തമാരും ഒഴിയണമെന്നാവശ്യപ്പെട്ടാണ് ഹർജി.