സന്ദീപിന്റെ കൊലയ്ക്ക് കാരണം രാഷ്ട്രീയവും വ്യക്തിവിരോധവുമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
തിരുവല്ലയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിനൈ കൊലപ്പെടുത്തിയതിന് പിന്നില്‍ രാഷ്ട്രീയ വിരോധവും വ്യക്തി വിരോധവുമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഒന്നാം പ്രതിയായ ജിഷ്ണുവിന് സന്ദീപുമായി രാഷ്ട്രീയ വിരോധവും വ്യക്തി വിരോധവും ഉണ്ടായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തത് ഇതേത്തുടര്‍ന്നാണ്.
യുവമോര്‍ച്ച പ്രവര്‍ത്തകനാണ് ജിഷ്ണു. ഇയാളാണ് സന്ദീപിനെ മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലയ്ക്ക് പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്നായിരുന്നു പോലീസ് ആദ്യം പറഞ്ഞിരുന്നത്. ജിഷ്ണുവിന്റെ മാതാവിന്റെ ജോലി നഷ്ടപ്പെടാന്‍ സന്ദീപ് കാരണക്കാരനായെന്നും അതിന്റെ വൈരാഗ്യത്തില്‍ കൊല നടത്തിയെന്നുമായിരുന്നു പോലീസ് ഭാഷ്യം.
എന്നാല്‍ ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന നിലപാടില്‍ സിപിഎം ഉറച്ചു നില്‍ക്കുകയായിരുന്നു. ആദ്യം വ്യക്തിവൈരാഗ്യമെന്ന് പറഞ്ഞ പോലീസ് പിന്നീട് എഫ്‌ഐആറില്‍ തിരുത്തിയിരുന്നു. പ്രതികള്‍ ബിജെപിക്കാരാണെന്നും സിപിഎം കാരനായ സന്ദീപിനോട് രാഷ്ട്രീയ വൈരാഗ്യം ഇവര്‍ക്കുണ്ടായിരുന്നെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നു.