സൈമണ്‍ ലാലന്‍ അനീഷിനെ കൊലപ്പെടുത്താന്‍ കാരണം മൂത്ത മകളുമായുള്ള പ്രണയമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
പേട്ട കൊലപാതകത്തിന് കാരണം പ്രതി സൈമണ്‍ ലാലന്റെ മൂത്ത മകളും അനീഷ് ജോര്‍ജുമായുള്ള പ്രണയമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. അനീഷിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തില്‍ തന്നെയാണ് കുത്തിയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പെണ്‍കുട്ടിയും കുടുംബവുമായി അനീഷ് അടുത്ത ബന്ധം പുലര്‍ത്തന്നതില്‍ സൈമണ്‍ ലാലന് ദേഷ്യമുണ്ടായിരുന്നുവെന്നും കൊലയ്ക്ക് കാരണം ഇതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കള്ളനെന്ന് കരുതിയാണ് കുത്തിയതെന്നായിരുന്നു സൈമണ്‍ ലാലന്‍ പേട്ട പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിക്കൊണ്ട് നല്‍കിയ മൊഴി. എന്നാല്‍ ഈ മൊഴി പോലീസ് വിശ്വാസത്തില്‍ എടുത്തിരുന്നില്ല. അനീഷിനെ വീട്ടില്‍ കണ്ടപ്പോള്‍ തടഞ്ഞുവെക്കുകയും നെഞ്ചിലും മുതുകിലും കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു.
അനീഷിനെ കൊല്ലാന്‍ ഉപയോഗിച്ച കത്തി വീടിന് സമീപത്തെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചതായി പ്രതി അറിയിച്ചിരുന്നു. കത്തി കണ്ടെടുത്ത പോലീസ് ഇത് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.