ഉത്രയുടെ അമ്മയുടെ വികാരം മാനിക്കുന്നു, വധശിക്ഷ തിരുത്തല്‍ നടപടിയെന്ന് കരുതുന്നില്ല; വനിതാ കമ്മീഷന്‍ അധ്യക്ഷ

 | 
Satheedevi
വധശിക്ഷ തിരുത്തല്‍ നടപടിയാണെന്ന് പറയാന്‍ കഴിയില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി

വധശിക്ഷ തിരുത്തല്‍ നടപടിയാണെന്ന് പറയാന്‍ കഴിയില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി. ഉത്ര വധക്കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കേണ്ടതായിരുന്നുവെന്ന ഉത്രയുടെ അമ്മയുടെ വികാരം മാനിക്കുന്നുവെന്നും കോടതി വിധി സ്വാഗതം ചെയ്യുന്നതായും അവര്‍ പറഞ്ഞു. പ്രതിക്ക് വധശിക്ഷ നല്‍കേണ്ടതായിരുന്നുവെന്ന വാദങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം.

കേസില്‍ പരമാവധി ശിക്ഷ ലഭിക്കുമെന്നായിരുന്നു കരുതിയിരുന്നതെന്നും ശിക്ഷയില്‍ തൃപ്തിയില്ലെന്നുമാണ് ഉത്രയുടെ അമ്മ പ്രതികരിച്ചത്. നിരാശയുണ്ട്. ശിക്ഷാനിയമത്തിലെ പിഴവുകളാണ് ഇതുപോലെയുള്ള കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്രതിയായ സൂരജിന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ഇരട്ട ജീവപര്യന്തവും 17 വര്‍ഷം തടവും 5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

ഐപിസി 302,307, 321, 208 വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റങ്ങള്‍ പ്രതി ചെയ്തതായി കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. ആദ്യം 10 വര്‍ഷവും പിന്നീട് 7 വര്‍ഷവും തടവ് അനുഭവിക്കണം. ഇതിന് ശേഷമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടത്. പ്രതിയുടെ പ്രായം കണക്കിലെടുത്തും പ്രതിക്ക് കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമില്ലാത്തതുമാണ് ജീവപര്യന്തം നല്‍കാന്‍ കാരണമായി കോടതി ചൂണ്ടിക്കാട്ടിയത്.