മോന്‍സണ്‍ വിവാദത്തില്‍ കെ.സുധാകരന് വേണ്ടി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഒത്തുതീര്‍പ്പിനെത്തിയെന്ന് വെളിപ്പെടുത്തല്‍
മോന്‍സണ്‍ മാവുങ്കല്‍ വിവാദത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് വേണ്ടി യൂത്ത് കോണ്‍ഗ്രസ് നേതാവ് പരാതിക്കാരെ സന്ദര്‍ശിച്ചതായി വെളിപ്പെടുത്തല്‍. സുധാകരനെ മോന്‍സണ് പരിചയപ്പെടുത്തിയ എബിന്‍ എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവാണ് പരാതിക്കാരുമായി ഹോട്ടല്‍ മുറിയില്‍ കൂടിക്കാഴ്ച നടത്തിയത്. ഒത്തുതീര്‍പ്പിനായാണ് എബിന്‍ എത്തിയതെന്നും കെ സുധാകരനെ അനാവശ്യമായി കേസില്‍ വലിച്ചിഴയ്ക്കരുതെന്ന് എബിന്‍ ആവശ്യപ്പെട്ടെന്നും പരാതിക്കാരനായ ഷമീര്‍ വ്യക്തമാക്കി.
നിരവധി തവണ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. നേരിട്ട് കാണണെന്ന് എബിന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ഹോട്ടലില്‍ വെച്ച് കണ്ടതെന്നും ഷമീര്‍ വ്യക്തമാക്കി. അതേസമയം ഒത്തുതീര്‍പ്പിനായല്ല പരാതിക്കാരെ കണ്ടതെന്നാണ് എബിന്‍ പ്രതികരിച്ചത്. എന്തിനാണ് ഒത്തുതീര്‍പ്പ് നടത്തേണ്ടത്. ഒത്തുതീര്‍പ്പിന്റെ ആവശ്യം പോലും ഈ വിഷയത്തില്‍ ഉണ്ടായിരുന്നില്ല. പരാതിക്കാരെ നേരത്തേ അറിയാവുന്നതാണ്. സന്ദര്‍ശനത്തില്‍ അസ്വാഭാവികത ഒന്നുമില്ല. കൂടിക്കാഴ്ച യാദൃച്ഛികമാണെന്നും എബിന്‍ പറഞ്ഞു.
കെ.സുധാകരന്‍ മോന്‍സണ്‍ മാവുങ്കലിനെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ നേരത്തേ പുറത്തു വന്നിരുന്നു. എന്നാല്‍ ഡോക്ടര്‍ എന്ന നിലയ്ക്കാണ് താന്‍ മോന്‍സണെ കണ്ടതെന്നായിരുന്നു സുധാകരന്‍ വിശദീകരിച്ചത്.