നടിയെ ആക്രമിച്ച കേസിലെ വെളിപ്പെടുത്തലുകള്‍; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

 | 
Dileep

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. തുടരന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ജനുവരി 20നകം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് കോടതിയെ സമീപിക്കും. വിചാരണത്തടവുകാരനായതിനാല്‍ ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി ആവശ്യമാണ്.

പള്‍സര്‍ സുനിയെ അറിയില്ലെന്നായിരുന്നു ദിലീപ് പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ ദിലീപിനൊപ്പം പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടെന്ന് ദിലീപിന്റെ സുഹൃത്തായിരുന്ന ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. കാവ്യ മാധവനെയും ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. റിപ്പോര്‍ട്ടര്‍ ടിവി അഭിമുഖത്തിലാണ് ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ബാലചന്ദ്രകുമാര്‍ പരാതി നല്‍കിയിരുന്നു.

പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. കേസില്‍ രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ച സാഹചര്യം കൂടി ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു കത്ത്. ഇതിനിടെ ബാലചന്ദ്രകുമാറിന്റെ അഭിമുഖത്തിന് പിന്നില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ആണെന്ന ആരോപണവുമായി ദിലീപും പരാതി നല്‍കിയിട്ടുണ്ട്.