തിരുവനന്തപുരം പ്രസ് ക്ലബില്‍ പ്രതികാര നടപടി? ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം അധ്യാപകരെ പുറത്താക്കി പുതിയ ഭരണ സമിതി

 | 
Press Club

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ പ്രതികാര നടപടി തുടങ്ങി പുതിയ ഭരണസമിതി. പ്രസ് ക്ലബ്ബില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് 5 അധ്യാപകരെ പുറത്താക്കാന്‍ ഭരണസമിതി നിര്‍ദേശിച്ചതായാണ് വിവരം. മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ സദാചാര ഗുണ്ടായിസം നടത്തിയതിന് കേരള കൗമുദി പുറത്താക്കിയ എം.രാധാകൃഷ്ണന്‍ പ്രസിഡന്റായ ഭരണസമിതിയാണ് മാധ്യമ പരിശീലന സ്ഥാപനത്തിന് കീഴ്‌വഴക്കം മറികടന്ന് നിര്‍ദേശം നല്‍കിയത്. ക്രിമിനല്‍ കേസില്‍ പ്രതിയായ രാധാകൃഷ്ണന്‍ പ്രസ് ക്ലബ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് എതിരെ നിലപാടെടുത്തവരെയാണ് പുറത്താക്കിയിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതിയ ബാച്ചിന്റെ ക്ലാസുകള്‍ ആരംഭിക്കാനിരിക്കെയാണ് നടപടി.

മനോരമ ന്യൂസ് സീനിയര്‍ കറസ്‌പോണ്ടന്റ് ശ്രീദേവി പിള്ള, മുന്‍ കോഴ്‌സ് കോഴ്‌സ് കോഓര്‍ഡിനേറ്ററും മാതൃഭൂമി ന്യൂസ് എഡിറ്ററുമായ മാര്‍ഷല്‍ വി സെബാസ്റ്റിയന്‍, കൈരളി ടിവി സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ.രാജേന്ദ്രന്‍, മാധ്യമ നിയമത്തില്‍ ഗവേഷകനും കൊച്ചിയിലെ മീഡിയ അക്കാഡമി ഉള്‍പ്പെടെയുള്ള മാധ്യമ പരിശീല സ്ഥാപനങ്ങളില്‍ വിസിറ്റിംഗ് അധ്യാപകനുമായ ശ്യാം ദേവരാജ്, ഏഷ്യാനെറ്റ് സീനിയര്‍ ക്യാമറാമാന്‍ തെരുവിയം എന്നിവരെയാണ് പുറത്താക്കാന്‍ തീരുമാനം എടുത്തിരിക്കുന്നത്.

press club

പ്രസ് ക്ലബ് തെരഞ്ഞെടുപ്പില്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പാനലാണ് വിജയിച്ചത്. പുതിയ ഭരണസമിതി അധികാരത്തില്‍ എത്തിയതിന് തൊട്ടുപിന്നാലെ എതിര്‍ നിലപാടെടുത്തവരെ നീക്കം ചെയ്യുകയാണെന്ന ആരോപണമാണ് ഉയരുന്നത്. ഭരണസമിതിക്ക് അനഭിമതരായവരെ മാത്രമാണ് നീക്കുന്നത്. കീഴ്‌വഴക്കം അനുസരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തിന്റെ അക്കാഡമിക് കാര്യങ്ങളില്‍ പ്രസ് ക്ലബ് ഭരണസമിതി ഇടപെടാറില്ല. ഇതിന് വിരുദ്ധമായി ഫാക്കല്‍റ്റി അംഗങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഭരണസമിതി അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് അധ്യാപകരെ നീക്കിയത്. വിവിധ മാധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫാക്കല്‍റ്റി അംഗങ്ങളെ കാരണമൊന്നും കാണിക്കാതെയാണ് പുറത്താക്കിയിരിക്കുന്നത്. അധ്യാപകരെല്ലാവരും താല്‍ക്കാലികാടിസ്ഥാനത്തിലുള്ളവരാണെന്ന സൗകര്യം ഉപയോഗിച്ചാണ് നടപടി.

ഫാക്കല്‍റ്റിയിലുള്ള ചിലരെ പുറത്താക്കാനുള്ള തീരുമാനം ഭരണസമിതി എടുക്കുകയും ഗവേര്‍ണിംഗ് കൗണ്‍സിലിനെ അറിയിക്കുകയുമായിരുന്നു. പിന്നീട് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഇക്കാര്യം പുറത്താക്കിയവരെ അറിയിക്കുകയുമായിരുന്നു. ഇതു കൂടാതെ ഗുരുതര ആരോപണങ്ങള്‍ക്ക് വിധേയരായി മുന്‍പ് പുറത്തു പോയ രണ്ടുപേരെ തിരിച്ചെടുക്കാനും ഭരണസമിതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയതിന് പുറത്താക്കപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ നീലന്‍, വിദ്യാര്‍ത്ഥിനികള്‍ക്ക് മേല്‍ സദാചാര പോലീസിംഗ് നടത്തിയതിനും സ്വകാര്യത ലംഘിച്ചതിനും ഫാക്കല്‍റ്റി കമ്മിറ്റിയില്‍ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സ്ഥാനം ഉപേക്ഷിച്ചു പോയ അനില്‍ ഫിലിപ്പ് എന്നിവരെയാണ് തിരിച്ചെടുക്കുന്നത്.

കേരള കൗമുദിയില്‍ പ്രൂഫ് റീഡറായിരുന്ന രാധാകൃഷ്ണന്‍ പ്രസ് ക്ലബ് സെക്രട്ടറിയായിരിക്കെ സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ സദാചാര ഗുണ്ടായിസം നടത്തിയത് വന്‍ വിവാദമായിരുന്നു. ഈ സംഭവത്തില്‍ പ്രതിയായ രാധാകൃഷ്ണനെ പ്രസ്‌ക്ലബ്ബില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കേരള കൗമുദി ഇയാളെ പുറത്താക്കിയിരുന്നു. ജാമ്യത്തില്‍ പുറത്തിറങ്ങിയ രാധാകൃഷ്ണന്‍ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു. ഇതിനെതിരെ ഒട്ടേറെ മാധ്യമപ്രവര്‍ത്തകര്‍ പരസ്യ നിലപാട് എടുത്തെങ്കിലും രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പാനലാണ് വിജയിച്ചത്.

നിലവില്‍ മാധ്യമപ്രവര്‍ത്തകനല്ലാത്ത ഒരാള്‍ പ്രസ് ക്ലബ് നേതൃത്വത്തിലേക്ക് മത്സരിക്കുന്നതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. മാധ്യമ പ്രവര്‍ത്തകയ്ക്ക് എതിരെ ആക്രമണം നടത്തിയയാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് എതിരെ വനിതാ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയും രംഗത്തെത്തിയിരുന്നു. രാധാകൃഷ്ണന്‍ നിലവില്‍ സദാചാര ഗുണ്ടായിസം കേസില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്.