രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാന്‍ തീരുമാനിച്ച് റവന്യൂ വകുപ്പ്; എതിര്‍പ്പുമായി എം.എം.മണിയും ഇടുക്കി സിപിഐ നേതൃത്വവും

 | 
Munnar

രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാന്‍ ഉത്തരവിട്ട് റവന്യൂ വകുപ്പ്. ദേവികുളം താലൂക്കില്‍ അനുവദിക്കപ്പെട്ട ഈ പട്ടയങ്ങള്‍ വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് വിവാദമായത്. 530 പട്ടയങ്ങളാണ് റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.ജയതിലക് പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച് റദ്ദാക്കപ്പെടുക. 45 ദിവസങ്ങള്‍ക്കുള്ളില്‍ റദ്ദാക്കല്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. ദേവികുളം താലൂക്കിലെ 9 വില്ലേജുകളില്‍ നല്‍കിയിരിക്കുന്ന രവീന്ദ്രന്‍ പട്ടയങ്ങളാണ് റദ്ദാക്കുന്നത്. അതേസമയം അര്‍ഹതയുള്ളവര്‍ക്ക് ഭൂമി നഷ്ടപ്പെടാതിരിക്കാന്‍ നടപടിക്ക് മുന്നോടിയായി ഒരു പരിശോധന കൂടി നടത്തുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. 

റവന്യൂ വകുപ്പിന്റെ നടപടിക്കെതിരെ ഉടുമ്പന്‍ചോല എംഎല്‍എയും സിപിഎം നേതാവുമായ എം.എം.മണി രംഗത്തെത്തി. പട്ടയമേള നടത്തി വിതരണം ചെയ്ത പട്ടയങ്ങള്‍ ഇപ്പോള്‍ റദ്ദാക്കുന്നത് എന്തിനാണെന്ന് റവന്യൂമന്ത്രിയും വകുപ്പും വ്യക്തമാക്കട്ടെയെന്ന് മണി പറഞ്ഞു. വിഷയത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. മേള നടത്തി ജനങ്ങള്‍ പണമടച്ച് വാങ്ങിയതാണ് പട്ടയങ്ങളെന്നും അവ റദ്ദാക്കിയതിനോട് യോജിപ്പില്ലെന്നും മണി പറഞ്ഞു. ഉത്തരവ് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങള്‍ തെരുവിലിറങ്ങുമെന്നും മണി കൂട്ടിച്ചേര്‍ത്തു. ഉത്തരവ് പ്രകാരം പട്ടയങ്ങള്‍ റദ്ദ് ചെയ്യുമ്പോള്‍ സിപിഎം ഓഫീസിന് നല്‍കി പട്ടയവും റദ്ദാക്കേണ്ടി വരും. പാര്‍ട്ടി ഓഫീസ് അങ്ങനെതന്നെ നില്‍ക്കുമെന്നും തൊടാന്‍ ഒരു പുല്ലനെയും അനുവദിക്കില്ലെന്നും മണി പറഞ്ഞു. 

സിപിഐ ഇടുക്കി ജില്ലാ നേതൃത്വവും സ്വന്തം വകുപ്പിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പട്ടയങ്ങള്‍ റദ്ദാക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍ പറഞ്ഞു. അര്‍ഹതയുള്ളവരുടെ പട്ടയം റഗുലറൈസ് ചെയ്യുകയാമ് വേണ്ടതെന്നും അര്‍ഹരെ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്നതാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു. വ്യാജ പട്ടയം എന്ന് വിളിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.