റൊണാൾഡോ ഗോളിൽ യുണൈറ്റഡിന് ജയം; ബാഴ്സക്കും ചെൽസിക്കും തോൽവി
ബയേൺ, യുവന്റസ് എന്നിവരും വിജയിച്ചു
ചാമ്പ്യൻസ് ലീഗ് രണ്ടാം റൗണ്ട് മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ബയേൺ മ്യൂണിക്ക്, ബെൻഫിക്ക, യുവന്റസ് എന്നിവർക്ക് ജയം. അതേസമയം ബാഴ്സിലോണയും ചെൽസിയും പരാജയപ്പെട്ടു. ബാഴ്സയെ എതിരില്ലാത്ത മൂന്ന് ഗോളിന് ബെൻഫിക്ക തകർത്തപ്പോൾ ചെൽസിയുടെ തോൽവി യുവന്റസിനോട് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡ്- വില്ലാറയൽ മത്സരത്തിൽ പാക്കോ അൽകാസറിലൂടെ സന്ദർശകർ 53ആം മിനിറ്റിൽ ആദ്യ ഗോൾ നേടി. എന്നാൽ ഏഴു മിനിറ്റുകൾക്കിപ്പുറും അലക്സ് ടെല്ലസിലൂടെ യുണൈറ്റഡ് സമനില നേടി. കളി അവസാനിക്കാൻ സെക്കന്റുകൾ ബാക്കിനിൽക്കെ ആണ് ക്രിസ്റ്റ്യാനൊ റോണാൾഡോയുടെ വിജയഗോൾ പിറന്നത്.
ബാഴ്സിലോണക്ക് ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മോശം തുടക്കമാണ് ഇത്തവണത്തേത്. ആദ്യ രണ്ടു കളികളിലും ടീം പരാജയപ്പെടുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് രണ്ടാം മത്സരത്തിൽ ടീം ബെൻഫിക്കയോട് തോറ്റത്. നൂനസിന്റെ ഇരട്ട ഗോളും ഫെരൈരാ സിൽവയുടെ ഗോളുമാണ് മുൻ ചാമ്പ്യൻമാരെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ 87ആം മിനിറ്റിൽ ഗാർസിയക്ക് ചുവപ്പുകാർഡും ലഭിച്ചു.
നിലവിലെ ജേതാക്കളായ ചെൽസിയെ യുവന്റസ് എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപ്പിച്ചത്. 46ആം മിനിറ്റിൽ ഫെഡറിക്കോ കീസേ നേടിയ ഗോളാണ് ഇറ്റാലിയൻ വമ്പൻമാർക്ക് മൂന്ന് പോയിന്റ് നേടിക്കൊടുത്തത്.
ലെവന്റോവ്സ്ക്കി ഇരട്ട ഗോൾ നേടിയ കളിയിൽ ഉക്രൈൻ ക്ലബ് ഡൈനാമോ കീവിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ബയേൺ മ്യൂണിച്ച് തോൽപ്പിച്ചത്. ഗന്നാബ്രി, സനെ, ചോപ്പോ മോട്ടിംഗ് എന്നിവരും ഗോളടിച്ചു. അറ്റ്ലാന്റെ യംങ് ബോയ്സിനേയും, സെനിത്ത് , മാൽമോ എഫ്എഫിനേയും സാൽസ് ബർഗ് ഫ്രഞ്ച് ക്ലബ്ബായ ലീലിനേയും തോൽപ്പിച്ചു. ഫൂൾഫ്സ്ബർഗ്- സെവിയ്യ മത്സരം സമനിലയിലായി.