ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിൽ 'രാജകുടുംബം' പങ്കെടുക്കില്ല

 | 
ur

ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിൽ രാജകുടുംബ പ്രതിനിധികൾ പങ്കെടുക്കില്ല. പരിപാടി വിവാദമായ സാഹചര്യത്തിലാണ് തീരുമാനം. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ്, പൂയം തിരുനാൾ ഗൗരി പാർവതി ഭായ് എന്നിവരാണ് പങ്കെടുക്കേണ്ടിയിരുന്നത്. കൂടുതൽ വിവാദങ്ങൾക്ക് താത്‌പര്യമില്ലാത്തതിനാലാണ് പിന്മാറുന്നതെന്ന് കൊട്ടാരം വൃത്തങ്ങൾ സൂചിപ്പിച്ചു. 
 

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87-ാം വാർഷിക ദിനാചരണത്തിന്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് ക്ഷണിച്ചുള്ള ദേവസ്വം ബോർഡിൻ്റെ പുരാവസ്തു സാംസ്കാരിക വകുപ്പ് ഇറക്കിയ നോട്ടീസ് ആണ് വിവാദത്തിലായത്. ഗൗരി ലക്ഷ്മി ഭായി, ഗൗരി പാർവ്വതി ഭായ് എന്നിവർ തിരുവിതാംകൂറിൻ്റെ രാജ്ഞിമാരാണ്. ക്ഷേത്ര പ്രവേശനം സനാതന ഹിന്ദുക്കളെ ഉദ്ബോധിപ്പിക്കാൻ വേണ്ടിയാണ്. ചിത്തിര തിരുനാൾ അറിഞ്ഞു നൽകിയതാണ് ക്ഷേത്ര പ്രവേശനം എന്നിങ്ങനെ നോട്ടീസിൽ ഉടനീളം രാജഭക്തി നിറഞ്ഞു നിന്നതാണ് വിവാദമായത്. നോട്ടീസിൻ്റെ ഉള്ളടക്കത്തിലെ ഗുരുതരമായ തെറ്റ് യാദൃശ്ചികമെന്നാണ് ഇത് പുറത്തിറക്കിയ പുരാവസ്തു സാംസ്കാരിക വിഭാഗം ഡയറക്ടർ ബി മുരളീധരൻ നായരുടെ പക്ഷം. വിവാദമായതോടെ നോട്ടീസ് പിൻവലിച്ചിരുന്നു.