ഒറ്റ ദിവസം കൊണ്ട് 10.19 കോടി രൂപ വരുമാനം; ചരിത്ര നേട്ടവുമായി കെഎസ്ആര്‍ടിസി

4607 ബസ്സുകള്‍ ആണ് ഓപ്പറേറ്റ് ചെയ്ത് വരുമാനം ലഭ്യമാക്കിയത്.
 | 
ksrtc

കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (KSRTC) ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം ( ഓപ്പറേറ്റിംഗ് റവന്യു ) കൈവരിച്ചു. 2025 സെപ്റ്റംബര്‍ 8-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ കെഎസ്ആര്‍ടിസി നേടിയത്.

മുന്‍പ് 2024 ഡിസംബര്‍ 23 ന് ശബരിമല സീസണില്‍ നേടിയ ഓപ്പറേറ്റിംഗ് റവന്യു ആയ 9.22 കോടി രൂപ എന്ന നേട്ടത്തെ ആണ് ഇപ്പോള്‍ മറികടന്നത്. 14.09.2024 ലെ ഓണം സമയത്ത് നേടിയ ഏറ്റവും കൂടിയ വരുമാനമായ 8.29 കോടി രൂപയായിരുന്നു ഇതുവരെ ഓണക്കാല സര്‍വ്വകാല റെക്കോഡ്. 4607 ബസ്സുകള്‍ ആണ് ഓപ്പറേറ്റ് ചെയ്ത് വരുമാനം ലഭ്യമാക്കിയത്. ഇത് മുന്‍ റക്കോഡ് വരുമാനം നേടിയ 23.12.2024 ല്‍ 4567 ആയിരുന്നു.


ജീവനക്കാരുടെയും, സൂപ്പര്‍വൈസര്‍മാരുടെയും, ഓഫീസര്‍മാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് പലപ്പോഴും അപ്രാപ്യമെന്ന് കരുതിയിരുന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാനായത്.

കാലോചിതമായ പരിഷ്‌ക്കരണ നടപടികളും, വകുപ്പിന്റെ ഇടപെടലും ജീവനക്കാരുടെ അര്‍പ്പണ ബോധവും ഈ വലിയ മുന്നേറ്റത്തിന് നിര്‍ണായകമായി. പുതിയ ബസുകളുടെ വരവും, സേവനങ്ങളില്‍ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരില്‍ വന്‍ സ്വീകാര്യത നേടിയിട്ടുണ്ടെന്നും കെ.എസ്.ആര്‍.ടി.സി പറഞ്ഞു.

കെഎസ്ആര്‍ടിസിയുടെ അഭിമാനകരമായ ഈ നേട്ടത്തിനായി, പ്രവര്‍ത്തിച്ച മുഴുവന്‍ ജീവനക്കാരോടും,കെഎസ്ആര്‍ടിസിയോട് വിശ്വാസ്യത പുലര്‍ത്തിയ യാത്രക്കാരോടും, പിന്തുണ നല്‍കിയ ഓരോരുത്തരോടും കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ പ്രമോജ് ശങ്കര്‍ നന്ദിയറിയിച്ചു.