25 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസ്, സ്കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി; ​ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം

സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര അവകാശമാക്കി മാറ്റും
 | 
Governor

സംസ്ഥാനത്ത് സാമ്പത്തിക മേഖലയിൽ കടുത്ത പ്രതിസന്ധി നിലനിൽക്കു​ന്നുവെന്ന് ഗവർണർ. വി.ഡി. സതീശൻ സർക്കാറിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറി​ന്റേതാണ് പരാമർശം. നെഹ്റുവിനെ ഉദ്ധരിച്ച് നയപ്രഖ്യാപന പ്രസംഗം തുടങ്ങിയ ഗവർണർ സ്ത്രീകൾക്കും വിദ്യാർഥികൾക്കും വലിയ ആശ്വാസം നൽകുന്ന പദ്ധതികളും സർക്കാരിന്റേതായി പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര അവകാശമാക്കി മാറ്റുകയും കോളജ് വിദ്യാർഥിനികൾക്ക് വിദ്യാഭ്യാസ സഹായമായി പ്രതിമാസം 1000 രൂപ വീതം നൽകുകയും ചെയ്യും. സാമൂഹിക സുരക്ഷ പെൻഷൻ 3,000 രൂപയായി വർധിപ്പിക്കാനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ ഓരോ കുടുംബത്തിനും വർഷം തോറും 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകാനും സർക്കാർ തീരുമാനിച്ചു.

യുവ സംരംഭകർക്കായി 5 ലക്ഷം രൂപയുടെ പലിശരഹിത വായ്പകളും മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി രാജ്യത്ത് ആദ്യമായി പ്രത്യേക വകുപ്പും രൂപീകരിക്കും. വികസനവും ജനക്ഷേമവും സമതുലിതമായി കൊണ്ടുപോകുന്നതിനൊപ്പം സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെക്കുറിച്ച് ധവളപത്രം പുറത്തിറക്കുമെന്നും ഗവർണർ നയപ്രഖ്യാപനത്തിലൂടെ വ്യക്തമാക്കി. എക്സൈസ് വകുപ്പിൽ സമ​ഗ്ര പരിഷ്കാരം നടത്തും. ലഹരി നെറ്റുവർക്കുകളെ ഇല്ലാതാക്കും. സ്കൂൾ കോളജ് ക്യാമ്പസുകൾ ലഹരിമുക്തമാക്കും. മലബാർ ടെമ്പിൾ പിൽ​ഗ്രിം പ്രോജക്ട്. ക്ഷേത്രങ്ങളെ ബന്ധപ്പെടുത്തി തീർഥാടന ടൂറിസം.

അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആറു മാസത്തെ പ്രസവാവധി ഉറപ്പാക്കുമെന്നും ജോലിസ്ഥലങ്ങളിൽ തുല്യവേതനം നടപ്പാക്കുമെന്നും സർക്കാർ വ്യക്തമാക്കി. കൂടാതെ, 50 ൽ കൂടുതൽ സ്ത്രീ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ഡേ-കെയർ സെന്ററുകളും ക്രഷുകളും നിർബന്ധമാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പൊതുവിടങ്ങളെയും കൂടുതൽ സ്ത്രീസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ 'പ്രോജക്ട് മെൻസ്ട്രൽ ഡിഗ്നിറ്റി' പ്രഖ്യാപിച്ചു. ഈ പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസം വരെ ആർത്തവ അവധി അനുവദിക്കും.

നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് വന്ദേമാതരം ആലപിച്ച് നടപടികൾക്ക് തുടക്കം കുറിച്ചത്. ഗവർണർ രാജേന്ദ്ര ആർലേക്കറിന്റെ നയപ്രഖ്യാന പ്രസംഗത്തിന് മുമ്പായിരുന്നു വന്ദേമാതരം. വന്ദേമാതരം മുഴുവന്‍ ആലപിക്കണമെന്ന് ലോക്ഭവനിൽനിന്ന് നിർദേശമുണ്ടായിരുന്നു. എന്നാൽ, സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല. വന്ദേമാതരത്തിന്റെ ആദ്യഭാഗം മാത്രമാണ് പൊലീസ് ബാന്റ് വായിച്ചത്.

ഇത് സുതാര്യ സർക്കാറാണെന്നും അഴിമതിമുക്ത ഭരണം ഉറപ്പെന്നും ഗവർണർ പറ​ഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തിനായി എത്തിയ ഗവര്‍ണറെ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുഖ്യമന്ത്രി വി.ഡി. സതീശന്‍, പാര്‍ലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.