ലുലു മാളിൽ പാക് പതാക ദേശീയ പതാകയേക്കാൾ ഉയരത്തിൽ കെട്ടിയെന്ന വ്യാജപ്രചാരണം; ജീവനക്കാരിക്ക് ജോലി നഷ്ടമായി

 | 
athira

കൊച്ചി ലുലു മാളിൽ പാക് പതാക ഇന്ത്യൻ ദേശീയ പതാകയേക്കാൾ പ്രാധാന്യത്തിൽ പ്രദർശിപ്പിച്ചുവെന്ന പ്രചാരണത്തിൽ ജീവനക്കാരിയെ പിരിച്ചുവിട്ടു. തീവ്രഹിന്ദുത്വവാദികൾ നടത്തിയ വ്യാജ പ്രചാരണത്തെത്തുടർന്ന് ലുലു മാളിലെ മാർക്കറ്റിംഗ് ആൻഡ് കമ്യൂണിക്കേഷൻ മാനേജർ ആതിര നമ്പ്യാതിരിക്കാണ് ജോലി നഷ്ടമായത്. ഇന്ത്യൻ ദേശീയ പതാകയേക്കാൾ ഉയരത്തിൽ പാക് പതാക കെട്ടിയെന്ന വ്യാജ പ്രചാരണമായിരുന്നു പ്രതീഷ് വിശ്വനാഥ് അടക്കമുള്ള തീവ്ര വലതുപക്ഷ വാദികൾ ഉയർത്തിയത്. തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള ചിത്രം അടക്കമായിരുന്നു സോഷ്യൽ മീഡിയ പ്രചാരണം.

ലോകകപ്പ് ക്രിക്കറ്റിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാകകൾ ഉപയോഗിച്ച് ലുലു മാളിൽ നടത്തിയ അലങ്കാരത്തിന്റെ ചിത്രമാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിച്ചത്. എല്ലാ പതാകകളും ഒരേ ഉയരത്തിലായിരുന്നു കെട്ടിയിരുന്നതെങ്കിലും ഇന്ത്യൻ പതാക താഴെയാണ് കെട്ടിയെന്ന തരത്തിൽ പ്രചരിപ്പിക്കുകയായിരുന്നു. ജോലി നഷ്ടമായതായി ആതിര തന്നെയാണ് ലിങ്ക്ഡ്ഇന്നിലൂടെ അറിയിച്ചത്. അടിസ്ഥാന രഹിതവും വ്യാജവുമായ സോഷ്യൽ മീഡിയ സെൻസേഷണലിസത്തിന്റെ പേരിൽ പെട്ടെന്ന് ഒരു ദിവസം ജോലി നഷ്ടമായതിന്റെ വേദനയിലാണ് താനെന്ന് ലിങ്ക്ഡ്ഇൻ പോസ്റ്റിൽ ആതിര പറഞ്ഞു.