രൂപയ്ക്ക് റെക്കോര്‍ഡ് ഇടിവ്; ഡോളറിന് 87.02 രൂപ

ഡോളറിനെതിരെ രൂപയ്ക്ക് റെക്കോര്‍ഡ് ഇടിവ്. ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം 87.02 ആയി. പ്രധാന വ്യാപാര പങ്കാളികള്‍ക്ക് ഡൊണാള്‍ഡ് ട്രംപ് പുതിയ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അന്താരാഷ്ട്ര തലത്തിലുണ്ടായ വ്യാപാര സമ്മര്‍ദത്തിന്റെ പശ്ചാത്തലത്തിലാണ് രൂപയുടെ മൂല്യവും ഡോളറിനെതിരെ ഇടിഞ്ഞത്. മുന്‍ വ്യാപാരത്തേക്കാള്‍ 0.5 ശതമാനം ഇടിവാണ് രൂപയ്ക്ക് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 67 പൈസയാണ് ഇടിഞ്ഞിരിക്കുന്നത്. ( Rupee at record low, crosses 87 per US dollar for the first time)
കാനഡയ്ക്കും മെക്‌സിക്കോയ്ക്കും 25 ശതമാനവും ചൈനയ്ക്ക് പത്ത് ശതമാനവുമെന്ന ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട ട്രംപിന്റെ പുതിയ തീരുമാനം നാളെ മുതലാണ് പ്രാബല്യത്തില്‍ വരിക. തീരുവയുടെ പേരിലുള്ള ഈ വ്യാപാര യുദ്ധം ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് മുന്‍പുതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പുതിയ പ്രഖ്യാപനങ്ങള്‍ക്കുപിന്നാലെ യുഎസ് ഡോളറിനെ ആറ് പ്രമുഖ കറന്‍സികളുമായി താരതമ്യം ചെയ്യുന്ന ഡോളര്‍ ഇന്‍ഡക്‌സിലും മാറ്റമുണ്ടായി. ഡോളര്‍ ഇന്‍ഡക്‌സില്‍ യുഎസ് ഡോളര്‍ 0.3 ശതമാനം ഉയര്‍ന്ന് 109.8-ല്‍ എത്തി. ഇന്ത്യന്‍ രൂപയ്ക്ക് മാത്രമല്ല. മറ്റ് ഏഷ്യന്‍ രാജ്യങ്ങളുടെ കറന്‍സികളും തിരിച്ചടി നേരിടുന്നുണ്ട്. ചൈനീസ് യുവാന്‍ ഡോളറിനെതിരെ 0.5 ശതമാനം ഇടിഞ്ഞു. അതേസമയം ഇന്ത്യന്‍ രൂപയുടെ മൂല്യത്തിന്റെ സ്ഥിരത നഷ്ടപ്പെട്ടിട്ടില്ലെന്നും യു എസ് ഡോളര്‍ ശക്തമാകുന്നതുകൊണ്ടാണ് യുഎസ് ഡോളറിനെതിരെ വിലയിടിയുന്നതെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ വിശദീകരിച്ചു.