മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്തണം; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം

 | 
Mullaperiyar

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന ഉടന്‍ നടത്തണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യം. സുരക്ഷാ പരിശോധനയ്ക്ക് ഉടന്‍ നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിക്കാരനായ ജോ ജോസഫ് കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെ സഹായത്തോടെ വിശദമായ പരിശോധന നടത്തണമെന്നാണ് പുതിയ സത്യവാങ്മൂലത്തിലെ ആവശ്യം.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ ഓഡിറ്റിംഗ് എല്ലാ വര്‍ഷവും നടത്താന്‍ നിര്‍ദേശിക്കണം. സുരക്ഷാ ഓഡിറ്റിംഗ് റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യമുണ്ട്. പത്തുവര്‍ഷം മുമ്പാണ് ഇതിന് മുന്‍പ് അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച വിശദമായ പരിശോധന നടത്തിയതെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

തിങ്കളാഴ്ച്ച മുല്ലപ്പെരിയാര്‍ കേസ് പരിഗണിക്കാനിരിക്കെയാണ് പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്. നിലവിലുള്ള മേല്‍നോട്ട സമിതി സുപ്രീം കോടതി ഭരണഘടനാബെഞ്ചിന്റെ വിധിയുടെ അന്തഃസത്ത പൂര്‍ണമായും ഉള്‍ക്കൊണ്ടിട്ടില്ല. ആവശ്യത്തിന് എന്‍ജിനീയര്‍മാരെയും സാങ്കേതിക വിദഗ്ദ്ധരെയും ഉള്‍പ്പെടുത്തി മേല്‍നോട്ട സമിതിയുടെ ഓഫീസിന്റെ ദൈനംദിന പ്രവര്‍ത്തനം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന ആവശ്യവും സത്യവാങ്മൂലത്തിലുണ്ട്.