വിദ്യാര്‍ഥിനികള്‍ക്കായി സഫിന്‍റെ ആസ്പയര്‍ ആന്‍ഡ് അച്ചീവ് ഗ്ലോബല്‍ സ്കോളര്‍ഷിപ്പ് പ്രോഗ്രാം ആരംഭിച്ചു

 | 
gxdgf

തിരുവനന്തപുരം: ആഗോള ബാങ്കിംഗ് ടെക്നോളജി കമ്പനിയായ സഫിന്‍ എസ് ടിഇഎം (സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിംഗ്, മാത്തമാറ്റിക്സ്) വിദ്യാര്‍ഥിനികള്‍ക്കായി ആസ്പയര്‍ ആന്‍ഡ് അച്ചീവ് ഗ്ലോബല്‍ സ്കോളര്‍ഷിപ്പ് പ്രോഗ്രാം ആരംഭിച്ചു. പുതുതലമുറ സംരംഭകരെയും ഇന്നൊവേറ്റര്‍മാരെയും നേതൃപാടവമുള്ളവരെയും പ്രോത്സാഹിപ്പിക്കുകയാണ് സ്കോളര്‍ഷിപ്പിന്‍റെ ലക്ഷ്യം. നാല് ലക്ഷം രൂപയില്‍ കൂടുതല്‍ മൂല്യമുള്ളതാണ് സ്കോളര്‍ഷിപ്പ്. സഫിന്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യ, ഏഷ്യ-പസഫിക്, യൂറോപ്പ്-മിഡില്‍ ഇസ്റ്റ്-ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലെ അംഗീകൃത സര്‍വ്വകലാശാലകളില്‍ ഡിഗ്രി, പിജി പഠിതാക്കളായ നാല് വിദ്യാര്‍ഥിനികള്‍ക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുക.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഓട്ടോമേഷന്‍, ബയോമെട്രി, ബയോമെട്രിക്സ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ ഫോറന്‍സിക് സയന്‍സ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ സിസ്റ്റംസ്, സൈബര്‍ സെക്യൂരിറ്റി, കെമിക്കല്‍ എന്‍ജിനീയറിംഗ്, ഡാറ്റ അനലിറ്റിക്സ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ്, ജിയോസ്പെഷ്യല്‍ സയന്‍സ്, ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഐടി, ഇന്‍ഫര്‍മേഷന്‍ റിസോഴ്സ് മാനേജ്മെന്‍റ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, മാത്തമാറ്റിക്സ്, മെഷീന്‍ ലേണിംഗ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, നെറ്റ്വര്‍ക്ക് എന്‍ജിനീയറിംഗ്, നെറ്റ്വര്‍ക്ക് സെക്യൂരിറ്റി, ഓപ്പറേഷന്‍ റിസര്‍ച്ച്, ഫിസിക്സ്, റോബോട്ടിക്സ് എന്‍ജിനീയറിംഗ്, റോബോട്ടിക്സ് ടെക്നോളജി, സ്റ്റാറ്റിസ്റ്റിക്സ്, സ്ട്രാറ്റജിക് ഇന്‍റലിജന്‍സ്, ടെലികമ്മ്യൂണിക്കേഷന്‍സ് എന്‍ജിനീയറിംഗ് എന്നീ കോഴ്സ് പഠിതാക്കളെ സ്കോളര്‍ഷിപ്പിന് പരിഗണിക്കും. യോഗ്യരായവര്‍ക്ക് 2023 നവംബര്‍ 30 വരെ സഫിന്‍ വെബ്സൈറ്റിലെ ആസ്പയര്‍ ആന്‍ഡ് അച്ചീവ് പ്ലാറ്റ്ഫോം വഴി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 2024 ജനുവരി അവസാനത്തോടെ വിജയികളെ പ്രഖ്യാപിക്കും.

വിദ്യാഭ്യാസ പിന്തുണ ലഭിക്കുന്നതിന് പുറമേ സ്കോളര്‍ഷിപ്പ് ജേതാക്കള്‍ക്ക് സഫിനില്‍ ഇന്‍റേണ്‍ ചെയ്യാനുള്ള അവസരവും ലഭിക്കുമെന്ന് സഫിന്‍ (ഇന്ത്യ) മാനേജിംഗ് ഡയറക്ടര്‍ സുജ ചാണ്ടി പറഞ്ഞു. 2025 ആകുമ്പോഴേക്കും ജെന്‍ ഇസെഡ് തൊഴിലാളികളുടെ മൂന്നിലൊന്ന് വരും. യുവപ്രതിഭകള്‍ക്ക് ബാങ്കിംഗ് സാങ്കേതികവിദ്യ പോലെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന മേഖലകളില്‍ കഴിവ് തെളിയിക്കാനും അനുഭവപരിചയത്തിനും വേണ്ടിയാണ് ഇന്‍റേണ്‍ഷിപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കഴിവുള്ള എന്‍ജിനീയറിംഗ്, ടെക് തൊഴിലാളികളെ വളര്‍ത്തിയെടുക്കാനാണ് സഫിന്‍ ശ്രദ്ധിക്കുന്നത്. ആഗോളതലത്തില്‍ സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിംഗ്, മാത്തമാറ്റിക്സ് കോഴ്സുകള്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ 18 ശതമാനമാണ്. എന്നാല്‍ ആണ്‍കുട്ടികള്‍ 35 ശതമാനം വരും. ഇന്ത്യയില്‍ എന്‍ജിനീയറിംഗ് ബിരുദധാരികളില്‍ 43% സ്ത്രീകളാണെങ്കിലും ഇതില്‍ 50% പേര്‍ മുപ്പത് വയസ്സ് പിന്നിടുന്നതോടെ ജോലി വിടുന്നു. സാങ്കേതിക മേഖലയിലെ ലിംഗ വ്യത്യാസം നികത്താന്‍ സഫിന്‍ പ്രതിജ്ഞാബദ്ധമാണെന്നും സുജ ചാണ്ടി കൂട്ടിച്ചേര്‍ത്തു.