സൈജു തങ്കച്ചന്‍ ലഹരിക്ക് അടിമ; അപകടത്തിന് കാരണം കാറില്‍ പിന്തുടര്‍ന്നതെന്ന് കമ്മീഷണര്‍
കൊച്ചിയില്‍ മോഡലുകള്‍ കൊല്ലപ്പെട്ട അപകടത്തില്‍ സൈജു തങ്കച്ചനെതിരെ പോലീസ്. അപകടത്തിന് കാരണമായത് സൈജു കാറില്‍ പിന്തുടര്‍ന്നതാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു. സൈജു ലഹരിക്ക് അടിമയാണ്. ഇയാള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഏര്‍പ്പെടുന്ന വ്യക്തിയാണ്. പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ പുതിയൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട.
ഇയാള്‍ നടത്തിയ നിയമവിരുദ്ധ ഏര്‍പ്പാടുകളില്‍ പരിശോധന നടന്നു വരികയാണ്. ലഹരി ഇടപാടുകളിലും സൈജുവിന് പങ്കുണ്ട്. ഇയാള്‍ ചൂഷണം ചെയ്ത ആരെങ്കിലും പരാതിയുമായി രംഗത്തെത്തിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ സ്വമേധയാ കേസെടുക്കുന്ന കാര്യം പരിഗണനയിലാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
ലഹരി മരുന്ന് നല്‍കി യുവാക്കളെയും യുവതികളെയും കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. ഇങ്ങനെ ബന്ധം പുലര്‍ത്തുന്നവരുടെ ലഹരി ഇടപാടുകള്‍, ലഹരി ഉപയോഗം എന്നിവയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കുകയും പിന്നീട് ബ്ലാക്മെയില്‍ ചെയ്യുകയുമായിരുന്നു രീതി. മിസ് കേരള ജേതാക്കളായ മോഡലുകള്‍ സൈജുവിന്റെ ഇത്തരം ശ്രമത്തെ എതിര്‍ത്തുവെന്നാണ് സൂചന. ഇതോടെയാണ് ഇയാള്‍ മോഡലുകളെ കാറില്‍ പിന്തുടര്‍ന്നതെന്നും അപകടത്തിന് കാരണമായതെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.