നടി ആക്രമിച്ച കേസില്‍ കുറ്റക്കാര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്ന് സജി ചെറിയാന്‍; ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മൂന്നംഗ സമിതി

 | 
Saji Cheriyan

നടിയെ ആക്രമിച്ച കേസിലെ കുറ്റക്കാര്‍ എത്ര ഉന്നതരാണെങ്കിലും ശിക്ഷിക്കപ്പെടുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. പ്രതികള്‍ എത്ര ഉന്നതരാണെങ്കിലും കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടുമെന്നാണ് മന്ത്രിയുടെ വാക്കുകള്‍. കേസുമായി ബന്ധപ്പെട്ട് ആരൊക്കെ ചോദ്യം ചെയ്യപ്പെട്ടുവെന്നതില്‍ നിന്ന് ഇക്കാര്യത്തിലെ സര്‍ക്കാര്‍ നിലപാട് വ്യക്തമാണെന്നും സജി ചെറിയാന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

മന്ത്രിയെന്ന നിലയില്‍ മുന്‍വിധിയോടു കൂടി സംസാരിക്കാന്‍ കഴിയില്ല. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും കേസിന്റെ പുരോഗിയുമായി ബന്ധപ്പെട്ട് എവിടെയെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല. റിപ്പോര്‍ട്ട് വിശാലമായതിനാല്‍ പ്രസക്ത ഭാഗങ്ങള്‍ എടുത്ത് ചര്‍ച്ച ചെയ്യുകയെന്നതാണ് പ്രായോഗികം.

മുഖ്യമന്ത്രിക്ക് മുമ്പാകെയാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതു സംബന്ധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ തങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തന്റെ നേതൃത്വത്തില്‍ ഇതുമായി ബന്ധപ്പെട്ട് രണ്ട് യോഗങ്ങള്‍ വിളിച്ചുചേര്‍ത്തു. റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ പരിശോധിച്ച് നടപ്പാക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കുന്നതിനായി മൂന്നു പേരടങ്ങുന്ന സമിതിയെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു.

ചലച്ചിത്ര അക്കാദമി സെക്രട്ടറി, സാംസ്‌കാരിക വകുപ്പ് അണ്ടര്‍ സെക്രട്ടറി, നിയമ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയും അടങ്ങുന്ന മൂന്നംഗ സമിതിയാണ് റിപ്പോര്‍ട്ട് പരിശോധിക്കുന്നത്. റിപ്പോര്‍ട്ട് പരിശോധിച്ച് എത്രയും വേഗം ചര്‍ച്ച ചെയ്ത് അന്തിമ രൂപം ഉണ്ടാക്കാനാകുമെന്നാണ് സമിതി അറിയിച്ചിട്ടുള്ളത്. ഏകദേശം ഒരു ഡ്രാഫ്റ്റ് ആയിട്ടുണ്ടെന്നാണ് അറിയുന്നതെന്നും മന്ത്രി വ്യക്തമാക്കി.