സമീര്‍ വാങ്കഡേയും കെ.പി.ഗോസാവിയും കോടികള്‍ കൈപ്പറ്റി, ഗൂഢാലോചന; ആര്യന്‍ ഖാന്‍ കേസില്‍ വന്‍ വെളിപ്പെടുത്തല്‍

 | 
Aryan Khan

ഷാരൂഖ് ഖാന്റെ മകന്‍ ലഹരി മരുന്ന് കേസില്‍ പ്രതിയായ സംഭവത്തില്‍ വന്‍ വെളിപ്പെടുത്തല്‍. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടറും ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനുമായ സമീര്‍ വാങ്കഡേയും ആര്യനൊപ്പം സെല്‍ഫിയെടുത്ത് വൈറലായ പ്രൈവറ്റ് ഡിറ്റക്ടീവും കേസിലെ സാക്ഷിയുമായ കെ.പി.ഗോസാവിയും ഗൂഢാലോചന നടത്തിയെന്നാണ് വെളിപ്പെടുത്തല്‍. ഇവര്‍ കൈക്കൂലിയായി കോടികള്‍ കൈപ്പറ്റിയിട്ടുണ്ടെന്ന് കേസിലെ 9 സാക്ഷികളില്‍ ഒരാളായ പ്രഭാകര്‍ സെയില്‍ ആണ് വെളിപ്പെടുത്തിയത്.

18 കോടിയുടെ ഇടപാടാണ് ഇവര്‍ക്കിടയില്‍ നടന്നതെന്നും അതിന് താന്‍ സാക്ഷിയാണെന്നും സെയില്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഗോസാവിയുടെ ബോഡിഗാര്‍ഡാണ് ഇയാള്‍. കാറിനുള്ളില്‍ വെച്ച് ഗോസാവി സാം ഡിസൂസ എന്നയാളുമായി ഫോണില്‍ സംസാരിക്കുന്നത് താന്‍ കേട്ടു. 18 കോടിയുടെ ഇടപാടാണ് ഇവര്‍ സംസാരിച്ചത്. ഇതില്‍ 8 കോടി സമീര്‍ വാങ്കഡേയ്ക്ക് കൊടുക്കണമെന്ന് പറഞ്ഞു. അന്ന് വൈകിട്ട് ഗോസാവി, ഡിസൂസ, ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദല്‍ദാനിയും കാറിനുള്ളില്‍ വെച്ച് 15 മിനിറ്റോളം സംസാരിച്ചു. ഗോസാവി ഏല്‍പിച്ച പണം ഡിസൂസയ്ക്ക് നല്‍കിയത് താനാണെന്നും പ്രഭാകര്‍ സെയില്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

ഗോസാവി ഇപ്പോള്‍ മുങ്ങിയിരിക്കുകയാണെന്നും തന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് സത്യവാങ്മൂലം ഫയല്‍ ചെയ്യുന്നതെന്നുമാണ് ഇയാള്‍ വ്യക്തമാക്കുന്നത്. രാത്രി 10.30ന് ഗോസാവി വിളിച്ചതിനെ തുടര്‍ന്നാണ് താന്‍ കപ്പലിന്റെ ബോര്‍ഡിംഗ് ഏരിയയില്‍ പോയത്. അവിടെവെച്ച് താന്‍ ആര്യന്‍ ഖാന്‍, മുണ്‍മുണ്‍ ധമേച തുടങ്ങിയവരെയും ചില എന്‍സിബി ഉദ്യോഗസ്ഥരെയും കണ്ടു. ഗോസാവിയും സമീര്‍ വാങ്കഡേയും തന്നോട് ചില  വെള്ളക്കടലാസുകളില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടു.

അതിന് ശേഷം ഗോസാവിയും സാം ഡിസൂസയും കാണുകയും രണ്ട് കാറുകളിലായി ലോവര്‍ പരേലിലേക്ക് പോവുകയും ചെയ്തു. ഇവിടെയെത്തിയതിന് ശേഷമാണ് 18 കോടിയെക്കുറിച്ച് ഗോസാവി ഡിസൂസയോട് ഫോണില്‍ സംസാരിച്ചതെന്നും പണം കൈമാറ്റം നടന്നതെന്നും പ്രഭാകര്‍ സെയില്‍ വിശദീകരിച്ചു. എന്നാല്‍ ഈ ആരോപണങ്ങള്‍ എന്‍സിബി നിഷേധിച്ചു. കോടതിയില്‍ ഈ സത്യവാങ്മൂലം നല്‍കിയാല്‍ അവിടെ അതിന് മറുപടി നല്‍കാമെന്ന് എന്‍സിബി വൃത്തങ്ങള്‍ പറഞ്ഞു.