സ്വവര്‍ഗ ദമ്പതിമാര്‍ക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ കഴിയില്ലെന്ന് ഭൂരിപക്ഷ വിധി; വിയോജിച്ച് ചീഫ് ജസ്റ്റിസ്
സ്വവര്‍ഗ വിവാഹിതര്‍ക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി മിനിറ്റുകള്‍ക്കകം ഭരണഘടനാ ഭൂരിപക്ഷ ബെഞ്ചിലെ വിധിയിലൂടെ ഇത് റദ്ദായി. സ്വവര്‍ഗ വിവാഹത്തിന് നിയമപ്രാബല്യം നല്‍കുന്നതുമായി ബന്ധപ്പെട്ട് വ്യത്യസ്ത വിധി പ്രസ്താവം പുറപ്പെടുവിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ദത്തെടുപ്പുമായി ബന്ധപ്പെട്ട് സുപ്രധാന നിർദ്ദേശം നൽകിയത്. സ്വവര്‍ഗ ദമ്പതിമാര്‍ ഉള്‍പ്പെടെ അവിവാഹിതരായ ദമ്പതിമാര്‍ക്ക് സംയുക്തമായി ഒരു കുട്ടിയെ ദത്തെടുക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നത്.
ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, ഹിമ കോലി, പി എസ് നരസിംഹ എന്നിവരാണ് സ്വവര്‍ഗ ദമ്പതിമാര്‍ക്ക് ദത്ത് എടുക്കാന്‍ അവകാശം ഇല്ലെന്ന് വിധിച്ചത്. വിവാഹിതരല്ലാത്ത ദമ്പതിമാരോ സ്വവര്‍ഗ ദമ്പതിമാരോ നല്ല മാതാപിതാക്കളല്ലെന്നും ഇതില്‍ അർഥമില്ലെന്നും ജസ്റ്റിസ് രവീന്ദ്ര ഭട്ട് വ്യക്തമാക്കി. എല്ലാ ആനുകൂല്യങ്ങളും കുട്ടികൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം കുട്ടികൾക്ക് വളരാനുള്ള സാഹചര്യവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസുമാരായ ഹിമ കോലിയും പി.എസ്.നരസിംഹയും രവീന്ദ്ര ഭട്ടിനോട് യോജിച്ചു.