സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ല; ഹർജികൾ തള്ളി സുപ്രീംകോടതി

 | 
 vf

ന്യൂഡൽഹി: സ്വവർഗ വിവാഹത്തിന് നിയമ സാധുതയില്ലെന്ന് സുപ്രീംകോടതി. 3-2ന് ഭരണഘടനാ ബെഞ്ച് ഹർജികൾ തള്ളി. ചീഫ് ജസ്റ്റിസ് ഡി  വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ മൂന്നുപേർ സ്വവർഗവിവാഹത്തിന്റെ നിയമസാധുതയോട് വിയോജിച്ചപ്പോൾ രണ്ടുപേർ അനുകൂലിച്ചു. അതോടെ 3 – 2ന് ഹർജികൾ തള്ളി. ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ഹിമ കോഹ്‌ലി, പി എസ് നരസിംഹ എന്നിവരാണ് വിയോജിച്ചത്. ചീഫ് ജസ്റ്റിസിനൊപ്പം സഞ്ജയ് കിഷൻ കൗൾ അനുകൂലിച്ചു. ഹർജികളിൽ നാല് വ്യത്യസ്‌ത വിധികളാണ് പ്രസ്‌താവിച്ചത്.

സ്വവർഗ ലെെംഗികത നഗരസങ്കൽപ്പമോ വരേണ്യവർഗ സങ്കൽപ്പമോ അല്ലെന്നും അത്  തുല്യതയുടെ വിഷയം ആണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിധിയിൽ പറഞ്ഞു. ജീവിത പങ്കാളികളെ കണ്ടെത്തുന്നത് വ്യക്തികളുടെ ഇഷ്‌ടമാണ്. ആർട്ടിക്കിൾ 21 അതിനുള്ള അവകാശം നൽകുന്നു. അതിനാൽ സ്വവർഗ വിവാഹത്തെ അനുകൂലിക്കുന്നതായി ചീഫ് ജസ്റ്റിസ് പറഞ്ഞു.

സ്പെഷ്യൽ മാരേജ് ആക്‌ടി‌ലെ സെക്ഷൻ 4 ഭരണഘടനാ വിരുദ്ധമാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹമാണ് അത് അംഗീകരിക്കുന്നത്. അത് തുല്യതക്കെതിരാണ്. എന്നാലത് റദ്ദാക്കുന്നില്ല. ആക്‌ടി‌ൽ മാറ്റം വരുത്തണമോയെന്ന് പാർലമെൻറിന് തീരുമാനിക്കാമെന്നും ചീഫ് ജസ്റ്റിസ്  പറഞ്ഞു.

വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവർഗ്ഗ പങ്കാളികൾ നൽകിയ ഹ‍ർജികളിലാണ് സുപ്രീംകോടതി പത്തു ദിവസം വാദം കേട്ടതിന് ശേഷം വിധി പറഞ്ഞത്.