സനാതന ധര്‍മ്മ വിവാദം; പ്രധാനമന്ത്രിയുടെ പ്രതികരണം ശരിയായില്ലെന്ന് സ്റ്റാലിന്‍
ഉദയനിധി സ്റ്റാലിന്‍ നടത്തിയ സനാതന ധര്‍മ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രതികരണം ശരിയായില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. പട്ടികജാതിക്കാര്‍, ആദിവാസികള്‍, സ്ത്രീകള്‍ എന്നിവരോടുള്ള വിവേചനങ്ങള്‍ക്കെതിരേയാണ് ഉദയനിധി സംസാരിച്ചത്. അത് ഏതെങ്കിലും മതത്തെയോ വിശ്വാസത്തെയോ വ്രണപ്പെടുത്താനുള്ള ശ്രമമല്ലെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
ഉദയനിധി പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കാതെ വിഷയത്തില്‍ പ്രധാനമന്ത്രി മോദി നടത്തിയ പ്രതികരണം ശരിയല്ല. ഉദയനിധി വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തെന്ന രീതിയിലാണ് വ്യാജപ്രാചരണം നടക്കുന്നത്. വംശഹത്യ എന്ന വാക്ക് ഉദയനിധി ഒരിടത്തും പറഞ്ഞിട്ടില്ല. ഉദയനിധിക്ക് തക്കതായ മറുപടി നല്‍കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചെന്ന റിപ്പോര്‍ട്ട് നിരാശപ്പെടുത്തി. ഏത് വിഷയമായാലും അതിന്റെ നിജസ്ഥിതി മനസിലാക്കാനുള്ള സൗകര്യവും സംവിധാനങ്ങളും പ്രധാനമന്ത്രിക്കുണ്ട്.
ഉദയനിധിയുടെ കാര്യത്തില്‍ പ്രചരിക്കുന്ന കള്ളങ്ങള്‍ മനസ്സിലാക്കാതെയാണോ അതോ ബോധപൂര്‍വമാണോ പ്രധാനമന്ത്രിയുടെ പ്രതികരണമെന്നും സ്റ്റാലിന്‍ ചോദിച്ചു. സനാതന ധര്‍മത്തിലെ ജാതി വിവേചനം പ്രശ്നമില്ലാത്ത ബിജെപി എങ്ങനെയാണ് ദളിതരെ സംരക്ഷിക്കുകയെന്നും സ്റ്റാലിന്‍ ചോദിച്ചു.