സനാതന ധര്‍മ്മം മാത്രമാണ് ലോകത്തിലെ ഒരേയൊരു മതം; യോഗി ആദിത്യനാഥ്
ലഖ്നൗ: സനാതനധര്‍മ്മം മാത്രമാണ് ലോകത്തിലെ ഒരേയൊരു മതമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മറ്റെല്ലാം വെറും ആരാധനാസമ്പ്രദായങ്ങള്‍ മാത്രമാണെന്നും യോഗി കൂട്ടിച്ചേര്‍ത്തു. ഗോരഖ്പൂരില്‍ ആശ്രമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യരാശിയുടെ ഒരേയൊരു മതം സനാതനധര്‍മ്മം മാത്രമാണ്. അത് അവിടെയും ഇവിടെയും ആക്രമിക്കപ്പെടുന്നത് ആഗോളതലത്തില്‍ മനുഷ്യരാശി നേരിടുന്ന ഒരു പ്രതിസന്ധിയാണ്. ഭഗവദ്ഗീതയുടെ സത്ത് മനസ്സിലാക്കാന്‍ മനസ്സിനെ തുറന്നിടണം. അതിന്റെ വിശാലതയെ വ്യാഖ്യാനിക്കാന്‍ ഇടുങ്ങിയ മനസ്സുകള്‍ക്കാവില്ല എന്നും യോഗി അഭിപ്രായപ്പെട്ടു.
ഒരു സന്യാസിയുടെ ജീവിതം വൈയക്തികമല്ല. അത് രാജ്യത്തിനും മതത്തിനും വേണ്ടി സമര്‍പ്പിക്കപ്പെട്ടതാണ്. രാജ്യത്തിന്റെയും ജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുകയാണ് ഒരു സന്യാസിയുടെ ധര്‍മ്മമെന്നും യോഗി പറഞ്ഞു. ഭഗവദ് ഗീതയുടെ കഥ അതിരില്ലാത്ത ഒന്നാണ്. അത് ഏതാനും ദിവസങ്ങളിലോ മണിക്കൂറിലോ ഒതുങ്ങി നില്‍ക്കുന്നില്ലെന്നും യോഗി പറഞ്ഞു.