സന്ദീപിന്റെ കൊലപാതകം; ഫോണ്‍ സംഭാഷണം തന്റേതെന്ന് സമ്മതിച്ച് പ്രതി വിഷ്ണു
തിരുവല്ലയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്തുവന്ന ഫോണ്‍ സംഭാഷണം തന്റേതെന്ന് സമ്മതിച്ച് പ്രതി വിഷ്ണു. കേസില്‍ അഞ്ചാം പ്രതിയാണ് ഇയാള്‍. സന്ദീപിന്റെ കഴുത്തില്‍ വെട്ടിയത് താനാണെന്നും ഒന്നാം പ്രതി ജിഷ്ണുവിന് സന്ദീപുമായി നേരത്തേയും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നുമാണ് കൊലയ്ക്ക് ശേഷം നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ വിഷ്ണു പറയുന്നത്.
കേസില്‍ താന്‍ പ്രതിയാകേണ്ടെന്ന് മിഥുന്‍ എന്നയാള്‍ പറഞ്ഞതായും ഡമ്മി പ്രതികളായിരിക്കും കയറുകയെന്നും ഇയാള്‍ പറയുന്നുണ്ട്. കേസില്‍ പോലീസിന് ലഭിച്ച പ്രധാന തെളിവുകളില്‍ ഒന്നാണ് ഈ ഫോണ്‍ സംഭാഷണം. ഇതിന്റെ ശാസ്ത്രീയ പരിശോധനാ ഫലം ഇനി ലഭിക്കാനുണ്ട്. വിഷ്ണുവിന്റെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ വടിവാള്‍ അടക്കമുള്ള ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു.
മിഥുന്‍ ക്രിമിനല്‍ കേസ് പ്രതിയാണെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് രതീഷ് എന്ന സുഹൃത്താണ്. ഇയാളെ മറ്റൊരു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെയും കൊലപാതക കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.