മേപ്പടിയാനില്‍ മഞ്ജു വാര്യര്‍ക്കെതിരെ സംഘപരിവാര്‍ പ്രചാരണം; വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍
മഞ്ജു വാര്യര്‍ക്ക് എതിരെ സംഘപരിവാര്‍ അണികള്‍ നടത്തുന്ന പ്രചാരണങ്ങളില്‍ വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍. മേപ്പടിയാന്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ഫെയിസ്ബുക്ക് പേജില്‍ നിന്ന് പിന്‍വലിച്ചുവെന്ന് ആരോപിച്ചാണ് സംഘപരിവാര്‍ അണികള്‍ മഞ്ജു വാര്യര്‍ക്കെതിരെ തിരിഞ്ഞത്. ശ്രീജീത്ത് പണിക്കര്‍ ല്യാഡി ശൂപ്പര്‍ ശുഡാപ്പി ശ്റ്റാര്‍ എന്ന് ഫെയിസ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചതിന് പിന്നാലെ നിരവധി സംഘി പ്രൊഫൈലുകള്‍ അധിക്ഷേപ കമന്റുകളുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഉണ്ണി മുകുന്ദന്റെ ഇടപെടല്‍.
മേപ്പടിയാന്‍ എന്ന എന്റെ സിനിമയുടെ പ്രചരണാര്‍ത്ഥം മഞ്ജു ചേച്ചി പങ്കുവെച്ച ഒരു സൗഹാര്‍ദപരമായ പോസ്റ്റുമായി ബന്ധപ്പെട്ട് അനാവശ്യ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഏതെങ്കിലും റിലീസ് പോസ്റ്റുകള്‍ അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ സോഷ്യല്‍ മീഡിയ ടീം മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്ന് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ഞങ്ങള്‍ ഇവിടെ ഒരു പ്രശ്‌നവും കാണുന്നില്ല. പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുര്‍ബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ഇവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ഉണ്ണി മുകുന്ദന്‍ പോസ്റ്റില്‍ കുറിച്ചു.
മേപ്പടിയാന്‍ എന്ന ചിത്രത്തെ ഡീഗ്രേഡ് ചെയ്യുന്നുവെന്ന ആരോപണം സംഘപരിവാര്‍ പ്രൊഫൈലുകള്‍ ഉന്നയിക്കുന്നതിനിടെയാണ് പുതിയ സംഭവം. ചിത്രത്തിലെ സംഘപരിവാര്‍ ചിഹ്നങ്ങള്‍ വ്യാപകമായി ട്രോളിന് ഇരയായിരുന്നു.