മയിലിനെ കറിവെക്കാന്‍ ദുബായില്‍ പോയ ഫിറോസ് ചുട്ടിപ്പാറയ്‌ക്കെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം

മയിലിനെ കറിവെക്കാന്‍ ദുബായിലേക്ക് പോവുകയാണെന്ന് വീഡിയോ പബ്ലിഷ് ചെയ്ത ഫുഡ് വ്‌ളോഗര്‍ ഫിറോസ് ചുട്ടിപ്പാറയ്‌ക്കെതിരെ സംഘപരിവാര്‍ കമന്റ് യുദ്ധം. മയിലിനെ കറിവെക്കുന്നത് ഇന്ത്യയില്‍ ശിക്ഷാര്‍ഹമായതിനാല്‍ ദുബായിലേക്ക് പുറപ്പെടുകയാണെന്ന് പറയുന്ന ഫെയിസ്ബുക്ക് വീഡിയോയിലാണ് സംഘപരിവാര്‍ അണികളുടെ സൈബര്‍ ആക്രമണം. ദുബായിലേക്കുള്ള യാത്രയാണ് വീഡിയോയിലുള്ളത്.
ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ് വീഡിയോയില്‍ കാണുന്നതെന്ന് സംഘപരിവാര്‍ അനുകൂലിയായ അഡ്വ.ശങ്കു ടി. ദാസ് കമന്റ് ചെയ്തതോടെയാണ് സംഘി പ്രൊഫൈലുകള്‍ കൂട്ടമായി എത്തിയത്. പിന്നാലെ കടുത്ത വിദ്വേഷ കമന്റുകളും വീഡിയോയുടെ കീഴില്‍ നിറഞ്ഞു. മതവെറിയന്‍, ദേശദ്രോഹി തുടങ്ങിയ പേരുകളാണ് നിമിഷങ്ങള്‍ക്കുള്ളില്‍ ഫിറോസിന് വീണത്.
ഫിറോസിനെതിരെ കേസെടുക്കണമെന്നും ജയിലില്‍ അടയ്ക്കണമെന്നുമൊക്കെയാണ് ആക്രോശങ്ങള്‍. ഫിറോസിന് പിന്തുണയുമായും നിരവധി പേര്‍ രംഗത്തെത്തി. ദേശീയ ഫലമായ മാങ്ങ തിന്നാലും ദേശീയ മത്സ്യമായ അയല കറിവെച്ച് കഴിച്ചാലും ദേശദ്രോഹിയാകുമോ എന്ന ചോദ്യമാണ് ഇവര്‍ ഉന്നയിച്ചത്.