സന്തോഷ് ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു
സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. മിഡ് ഫീല്‍ഡര്‍ നിജോ ഗില്‍ബര്‍ട്ടാണ് ക്യാപ്റ്റന്‍. 22 അംഗ ടീമിനെയാണ് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചത്. ഡിഫന്‍ഡര്‍ സഞ്ജു ജിയാണ് വൈസ് ക്യാപ്റ്റന്‍. സതീവന്‍ ബാലന്‍ മുഖ്യ പരിശീലകനായി എത്തും.
ഒക്ടോബര്‍ ഒന്‍പത് മുതല്‍ ഗോവയില്‍ വെച്ചാണ് സന്തോഷ് ട്രോഫി നടക്കുന്നത്. 11ന് ഗുജറാത്തിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ജമ്മു കാശ്മീര്‍, ഛത്തീസ്ഗഢ്, ഗോവ എന്നിവരും കേരളത്തിന്റെ ഗ്രൂപ്പിലുണ്ട്. സെപ്റ്റംബര്‍ 15 മുതല്‍ കോഴിക്കോട് യൂണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ ടീം പരിശീലനം നടത്തിവരികയാണ്.
ഗോള്‍കീപ്പര്‍മാരായി മുഹമ്മദ് അസ്ഹര്‍ കെ, സിദ്ധാര്‍ത്ഥ് രാജീവന്‍ നായര്‍, മുഹമ്മദ് നിഷാദ് പിപി എന്നിവരും ഡിഫന്‍ഡര്‍മാരായി ബെല്‍ഗിന്‍ ബ്ലോസ്റ്റര്‍, സഞ്ജു ജി, ഷിനു ആര്‍, മുഹമ്മദ് സലിം, നിധിന്‍ മധു, സുജിത്ത് ആര്‍, ശരത് കെപി എന്നിവരും മിഡ്ഫീല്‍ഡര്‍മാരായി നിജോ ജില്‍ബെര്‍ട്ട്, അര്‍ജുന്‍ വി, ജിതിന്‍ ജി, അക്ബര്‍ സിദ്ദീഖ് എന്‍പി, റഷീദ് എം, റിസ്‌വാന്‍ അലി ഇകെ, ബിജേഷ് ബാലന്‍, അബ്ദു റഹീം എന്നിവും സ്‌ട്രൈക്കേര്‍സായ സജീഷ് ഇ, മുഹമ്മദ് ആഷിഖ് എസ്, നരേഷ് ബി, ജുനൈന്‍ കെ എന്നിവരടങ്ങുന്നതുമാണ് കേരള ടീം.