അഭിമുഖത്തിന് ക്ഷണിച്ചു വരുത്തിയ സൗദി യുവതിയെ കടന്നുപിടിച്ചതായി പരാതി; മല്ലു ട്രാവലറിനെതിരെ കേസെടുത്തു

 | 
Mallu Traveller

 
കടന്നു പിടിച്ചെന്ന് സൗദി സ്വദേശിനി നല്‍കിയ പരാതിയില്‍ വ്‌ളോഗര്‍ മല്ലു ട്രാവലറിനെതിരെ കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ഷാക്കിര്‍ സുബ്ഹാന്‍ എന്ന മല്ലു ട്രാവലറിനെതിരെ കേസെടുത്തത്. കൊച്ചിയിലെ ഹോട്ടലില്‍ അഭിമുഖത്തിനായി വിളിച്ചു വരുത്തിയ ശേഷം അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും കടന്നു പിടിച്ചെന്നുമാണ് പരാതി. 

തന്നെ വിവാഹം കഴിക്കാനിരുന്ന യുവാവും ഒപ്പമുണ്ടായിരുന്നുവെന്നും യുവാവ് പുറത്തുപോയ സമയത്താണ് മല്ലു ട്രാവലര്‍ ലൈംഗികമായി ഉപദ്രവിച്ചതെന്നും യുവതി പരാതിയില്‍ പറയുന്നു. ഷാക്കിര്‍ സുബ്ഹാന്‍ വിദേശത്താണെന്നാണ് പോലീസിന് ലഭിച്ച വിവരം. പരാതിക്കാരിയുടെ മൊഴിയെടുത്തതായും പോലീസ് അറിയിച്ചു. 

അതേസമയം പരാതി വ്യാജമാണെന്ന് മല്ലു ട്രാവലര്‍ ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പരാതി നൂറു ശതമാനം വ്യാജമാണ്. മതിയായ തെളിവുകള്‍ കൊണ്ട് അതിനെ നേരിടും. എന്നോട് ദേഷ്യമുള്ളവര്‍ക്ക് ഒരു ആഘോഷമാക്കാനുള്ള അവസരമാണ് ഇത് എന്ന് അറിയാം. എന്റെ ഭാഗംകൂടി കേട്ടിട്ട് അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു എന്ന് പോസ്റ്റില്‍ മല്ലു ട്രാവലര്‍ പറഞ്ഞു.