ഇന്ത്യയിലെ ആദ്യ സ്വവര്‍ഗ്ഗ പ്രേമിയായ ഹൈക്കോടതി ജഡ്ജിയായി സൗരഭ് കൃപാല്‍; ശുപാര്‍ശ ചെയ്ത് കൊളീജിയം
രാജ്യത്തെ ആദ്യ സ്വവര്‍ഗ്ഗ പ്രേമിയായ ഹൈക്കോടതി ജഡ്ജിയായി മുതിര്‍ന്ന അഭിഭാഷകന്‍ സൗരഭ് കൃപാല്‍ നിയമിതനാകുന്നു. കൃപാലിന്റെ പേര് സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ കൊളീജിയമാണ് ശുപാര്‍ശ നല്‍കിയത്. നാലാമത്തെ തവണയാണ് കൊളീജിയത്തിന് മുന്നില്‍ കൃപാലിന്റെ പേര് എത്തുന്നത്.
2018ലായിരുന്ന ആദ്യമായി കൃപാലിന്റെ പേര് സുപ്രീംകോടതി കൊളീജിയത്തിന്റെ പരിഗണനയ്ക്ക് എത്തിയത്. 2019 ജനുവരിയിലും പിന്നീട് ഏപ്രിലിലും 2020 ഓഗസ്റ്റിലും കൊളീജിയത്തിന് മുന്നില്‍ കൃപാലിന്റെ പേരെത്തിയെങ്കിലും മാറ്റിവെക്കുകയായിരുന്നു. ഒടുവില്‍ കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പുകള്‍ അവഗണിച്ചാണ് സുപ്രീംകോടതി കൊളീജിയം അദ്ദേഹത്തെ ജഡ്ജിയാക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
കൃപാലിന്റെ പങ്കാളി സ്വിറ്റ്സര്‍ലന്‍ഡ് എംബസിയില്‍ ജോലി ചെയ്യുന്ന വിദേശ പൗരനാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം എതിര്‍ത്തിരുന്നത്. എന്നാല്‍ തന്നോടുള്ള ലൈംഗിക വിവേചനമാണ് അവഗണനയ്ക്ക് കാരണമെന്നായിരുന്നു കൃപാല്‍ ഒരു അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹി ഹൈക്കോടതിയിലെ 31 ജഡ്ജിമാരും ഏകകണ്ഠമായി അദ്ദേഹത്തിന്റെ പദവി അംഗീകരിച്ചതിനെത്തുടര്‍ന്ന് കൃപാലിനെ മുതിര്‍ന്ന അഭിഭാഷകനായി ഡല്‍ഹി ഹൈക്കോടതി നിയമിച്ചിരുന്നു.
2002ല്‍ ആറു മാസത്തോളം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ബി.എന്‍.കൃപാലിന്റെ മകനാണ് സൗരഭ് കൃപാല്‍. രാജ്യത്ത് സ്വവര്‍ഗ്ഗരതി കുറ്റകരമല്ലെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ച രണ്ട് കേസുകളില്‍ ഹര്‍ജിക്കാരുടെ അഭിഭാഷകനായിരുന്നു അദ്ദേഹം.