ഹിമാചലിലെ വിമത കോണ്‍ഗ്രസ് MLA-മാരെ അയോഗ്യരാക്കിയ നടപടിക്ക് സുപ്രീം കോടതിയിൽ സ്റ്റേ ഇല്ല

 | 
suprim court

ഹിമാചല്‍ പ്രദേശിലെ വിമത കോണ്‍ഗ്രസ് എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്യ്തില്ല. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കൂറുമാറി ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തതിനും ബജറ്റ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതിനുമാണ് എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് എം.എല്‍.എമാരുടെ ഹര്‍ജിയില്‍ വാദം കേട്ടത്.

 നാല് ആഴ്ചയ്ക്കുള്ളില്‍ വിഷയത്തില്‍ മറുപടി നല്‍കണമെന്ന് കോടതി സ്പീക്കര്‍ കുല്‍ദീപ് സിങ് പതാനിയയുടെ ഓഫീസിന് നിര്‍ദേശം നല്‍കി.  അയോഗ്യരാക്കിയ കോണ്‍ഗ്രസ് എം.എല്‍.എമാരെ ഹര്‍ജികള്‍ തീര്‍പ്പാക്കുന്നതുവരെ വോട്ടുചെയ്യിപ്പിക്കാനോ നിയമസഭാ നടപടികളില്‍ പങ്കെടുപ്പിക്കാനോ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. കേസ് മെയ് രണ്ടാംവാരം കോടതി വീണ്ടും പരിഗണിക്കും.

രജിന്ദര്‍ റാണ, സുധീര്‍ ശര്‍മ, ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, ദേവീന്ദര്‍ കുമാര്‍ ഭൂട്ടോ, രവി ഠാക്കൂര്‍, ചേതന്യ ശര്‍മ എന്നീ എം.എല്‍.എമാരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. 'കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച ആറ് എം.എല്‍.എമാരെ കൂറുമാറ്റ നിരോധന നിയമം ലംഘിച്ചതിന്റെ അടിസ്ഥാനത്തില്‍ അവരുടെ നിയമസഭാ അംഗത്വം റദ്ദാക്കുന്നു' എന്നായിരുന്നു സ്പീക്കര്‍ കുല്‍ദീപ് സിങ് പതാനിയ ഉത്തരവില്‍ പറഞ്ഞത്.

കോണ്‍ഗ്രസിന്  ഭൂരിപക്ഷമുള്ള സംസ്ഥാനത്ത്  ആറ് എം.എല്‍.എമാരും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്രരും കൂറുമാറിയതോടെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മനു അഭിഷേക് സിംഘ്‌വി പരാജയപ്പെട്ടിരുന്നു. മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മയെ പിന്തുണയ്ക്കുന്നവരും പി.സി.സി. അധ്യക്ഷ പ്രതിഭ സിങ്ങിനെ പിന്തുണയ്ക്കുന്നവരും തമ്മിലുള്ള തർക്കമായിരുന്നു ഹിമാചലിലെ വിമത നീക്കത്തിന് പിന്നില്‍.