ദേശസുരക്ഷ പറഞ്ഞ് ഒഴിയാന്‍ കഴിയില്ല, സ്വകാര്യതയെന്നത് ചിലര്‍ക്ക് മാത്രമുള്ളതല്ല! പെഗാസസില്‍ കേന്ദ്രത്തെ കുടഞ്ഞ് കോടതി
Wed, 27 Oct 2021
| 
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ അന്വേഷണം പ്രഖ്യാപിച്ച സുപ്രീം കോടതി രൂക്ഷ വിമര്‍ശനങ്ങളാണ് വിധിയില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ ഉന്നയിച്ചിരിക്കുന്നത്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികാവകാവകാശങ്ങള്‍ ഹനിക്കപ്പെടരുതെന്നും സ്വകാര്യത സംരക്ഷിക്കപ്പെടണമെന്നും കോടതി വ്യക്തമാക്കി. ദേശസുരക്ഷ പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും കേന്ദ്രത്തെ കോടതി ഓര്‍മിപ്പിച്ചു.
സ്വകാര്യതയെന്നത് ചില രാഷ്ട്രീയക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മാത്രമുള്ളതല്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണത്തിന് മൂന്നംഗ സമിതിയെ കോടതി നിയോഗിച്ചു. പെഗാസസില്‍ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു കേന്ദ്ര നിലപാട്. ദേശസുരക്ഷയുമായി ബന്ധമുള്ളതിനാല്‍ കോടതിയില്‍ വിശദാംശങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു.
കോടതിയുടെ നിരീക്ഷണങ്ങള്‍ ഇങ്ങനെ
- പെഗാസസ് ആരോപണങ്ങളില്‍ എന്തു നടപടികള്‍ സ്വീകരിച്ചുവെന്നതിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിന് മതിയായ സമയം അനുവദിച്ചു. പല അവസരങ്ങള്‍ നല്‍കിയിട്ടും വ്യക്തതയില്ലാത്ത ഒരു സത്യവാങ്മൂലം മാത്രമാണ് നല്‍കിയത്. വ്യക്തത വരുത്തിയിരുന്നെങ്കില്‍ കോടതിക്ക് കാര്യങ്ങള്‍ എളുപ്പമാകുമായിരുന്നു.
- ദേശസുരക്ഷയുടെ പേര് പരാമര്‍ശിച്ച് ജുഡീഷ്യറിയെ ഒഴിവാക്കാന്‍ കഴിയില്ല. രാജ്യസുരക്ഷയില്‍ കടന്നു കയറാതിരിക്കാന്‍ കോടതിക്ക് ജാഗ്രത വേണം, എന്നാല്‍ ജുഡീഷ്യറിയുടെ വിലയിരുത്തലിനെ മറികടക്കാന്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തരുത്.
- ദേശസുരക്ഷ പറഞ്ഞ് രക്ഷപ്പെടാന്‍ കഴിയില്ല. ഇക്കാര്യം പറഞ്ഞ് കോടതിയെ കാഴ്ചക്കാരനാക്കാന്‍ സാധിക്കില്ല.
- ആരോപണങ്ങളില്‍ അന്വേഷണം വേണം, അല്ലാതെ വെറുതെ നിഷേധിക്കുന്നതില്‍ അര്‍ത്ഥമില്ല. അതിനാല്‍ കോടതി ഒരു സമിതിയെ നിയോഗിക്കുന്നു.
- മൗലികാവകാശങ്ങള്‍ ഹനിക്കപ്പെട്ടുവെന്നതാണ് ആരോപണം. വിദേശ ഏജന്‍സികളുടെ പങ്കാളിത്തവും ആരോപിക്കപ്പെടുന്നുണ്ട്.
- സ്വകാര്യതയ്ക്കുള്ള അവകാശം സംരക്ഷിക്കപ്പെടണം
- സ്വകാര്യതയെന്നത് ചില രാഷ്ട്രീയക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മാത്രമുള്ളതല്ല. സാധാരണക്കാര്‍ക്കും അവകാശങ്ങളുണ്ട്.
- തീവ്രവാദത്തിനെതിരെ പോരാടാനാണ് ഏജന്‍സികള്‍ നിരീക്ഷണ മാര്‍ഗ്ഗങ്ങള്‍ തേടുന്നത്. സ്വകാര്യതയില്‍ കടന്നു കയറേണ്ട ആവശ്യം ഉണ്ടാവുകയാണെങ്കില്‍ അത് ഭരണഘടനാപരമായി വേണം ചെയ്യാന്‍.