മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണ് സുപ്രീംകോടതി വിധി, ജാള്യത മറയ്ക്കാൻ എം.വി ഗോവിന്ദൻ ഗവർണറെ അവഹേളിക്കുന്നു; കെ സുരേന്ദ്രൻ ​​​​​​​

 | 
k surendran

കണ്ണൂർ സർവകലാശാല വിസി പുനർനിയമനം സുപ്രീം കോടതി റദ്ദാക്കിയത് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജാള്യത മറയ്ക്കാനാണ് എം വി ഗോവിന്ദൻ ഗവർണറെ അവഹേളിക്കുന്നത് എന്നും  അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നു പറയുന്ന അവസ്ഥയിലാണ് സിപിഐഎം എന്നും അദ്ദേഹം പറഞ്ഞു.

അമിതാധികാര പ്രയോഗം നടത്തിയ മുഖ്യമന്ത്രിക്ക് ഇനിയും സ്ഥാനത്ത് തുടരാൻ അർഹതയില്ല. ഗവർണർ രാജിവെക്കണമെന്ന ഗോവിന്ദൻ്റെ പ്രസ്താവന തമാശയാണ്. ചട്ടങ്ങൾ ലംഘിച്ച് യുജിസി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വിസിയെ പുനർനിയമിച്ച മുഖ്യമന്ത്രിയാണ് രാജിവെക്കേണ്ടത്. മുഖ്യമന്ത്രിയുടെ അഴിമതിയും സ്വജനപക്ഷപാതവും ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുകയാണ് ഗോവിന്ദൻ്റെ ജോലി.  യാത്രയുടെ നാളുകളിൽ ഓരോ ദിവസവും സർക്കാരിന് കോടതിയിൽ നിന്നും തിരിച്ചടിയേൽക്കുകയാണ്. ജനങ്ങളുടെ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ നവകേരള സദസ് കൊണ്ട് സാധിക്കില്ലെന്ന് മനസിലായതു കൊണ്ടാണ് ഫീൽഡ് ഔട്ടായ സിനിമാ നടിമാരെ ഇറക്കി ഓരോ മണ്ടത്തരങ്ങൾ പറയിപ്പിക്കുന്നത്. അതുകൊണ്ടൊന്നും ജനശ്രദ്ധ മാറ്റാനാവില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.