സ്‌കൂള്‍ തുറക്കാനുള്ള മാര്‍ഗ്ഗരേഖ പുറത്തിറക്കി; ക്ലാസുകള്‍ ബയോ ബബിള്‍ സംവിധാനത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനുള്ള മാര്‍ഗ്ഗരേഖ പുറത്ത്. ബയോ ബബിള്‍ സംവിധാനത്തിലായിരിക്കും ക്ലാസുകള്‍ ക്രമീകരിക്കുന്നത്. ആദ്യ രണ്ടാഴ്ച ക്ലാസുകള്‍ ഉച്ചവരെ മാത്രമായിരിക്കും. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ കുട്ടികള്‍ സ്‌കൂളുകളില്‍ വരേണ്ടതുള്ളൂ. വീട്ടില്‍ കോവിഡ് പോസിറ്റീവ് കേസുകളുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ വരേണ്ടതില്ല. ക്ലാസുകളിലെത്തുന്ന കുട്ടികള്‍ക്ക് രോഗലക്ഷണമുണ്ടോയെന്ന് തിരിച്ചറിയാന്‍ പ്രത്യേക രജിസ്റ്റര്‍ സംവിധാനം ഒരുക്കും. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നാണ് മാര്‍ഗരേഖ തയ്യാറാക്കിയത്.
'തിരികെ സ്‌കൂളിലേക്ക്' എന്ന പേരില്‍ എട്ട് ഭാഗങ്ങളായി തിരിച്ചാണ് മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. പൊതു അവധിയല്ലാത്ത എല്ലാ ശനിയാഴ്ചകളിലും ക്ലാസുകളുണ്ടാകും. ഭിന്നശേഷിയുള്ള കുട്ടികള്‍ ആദ്യ ഘട്ടത്തില്‍ സ്‌കൂളുകളില്‍ വരേണ്ടതില്ല. ഉച്ചഭക്ഷണം നല്‍കുന്നത് സംബന്ധിച്ച തീരുമാനം സ്‌കൂളുകള്‍ക്ക് സ്വീകരിക്കാം. അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും രണ്ട് ഡോസ് വാക്സിന്‍ നിര്‍ബന്ധമായി സ്വീകരിച്ചിരിക്കണം. സ്‌കൂളുകളില്‍ ബസ് സൗകര്യമില്ലാത്തിടത്ത് ബോണ്ട് അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് ബസ് വിട്ടുനല്‍കും. ഇതില്‍ കുട്ടികളുടെ യാത്ര സൗജന്യമായിരിക്കും. ബസുകളിലെ ഡ്രൈവര്‍മാരും ജീവനക്കാരും വാക്സിനേറ്റഡ് ആയിരിക്കണം.
സ്‌കൂളുകള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്ന കടകളിലും മറ്റുമുള്ള ഉടമകളും ജീവനക്കാരും വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. കുട്ടികള്‍ കൂട്ടംകൂടുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്ക് സംശയദൂരീകരണത്തിന് പ്രത്യേക സംവിധാനമുണ്ടാകും. ഇതനുസരിച്ച് ഒരു സ്‌കൂളില്‍ ഒരു ഡോക്ടറുടെ സേവനം ഉറപ്പാക്കും. സ്‌കൂളുകളില്‍ കുട്ടികള്‍ ഓട്ടോറിക്ഷയിലാണ് എത്തുന്നതെങ്കില്‍ പരമാവധി മൂന്ന് കുട്ടികളെയാണ് ഒരു വാഹനത്തില്‍ അനുവദിക്കുക.
വ്യക്തി ശുചീകരണത്തിനും കൈ കഴുകുന്നതിനും മറ്റുമായി ഓരോ ക്ലാസുകള്‍ക്ക് മുന്നിലും സൗകര്യമുണ്ടായിരിക്കും. കുട്ടികള്‍ക്ക് മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ ലഭ്യമാക്കുന്നുവെന്ന് സ്‌കൂളുകള്‍ ഉറപ്പുവരുത്തും. ഒന്നുമതല്‍ ഏഴു വരെ ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ പരമാവധി രണ്ട് കുട്ടികളെയാണ് അനുവദിക്കുക. ഓഫ്ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് ഒപ്പം ഓണ്‍ലൈന്‍ ക്ലാസുകളും തുടരും. ഇതിന്റെ സമയക്രമവും മറ്റും ഉടന്‍ പ്രഖ്യാപിക്കും. സ്‌കൂളുകളില്‍ ആദ്യ ഘട്ടത്തില്‍ യൂണിഫോം, അസംബ്ലി എന്നിവ നിര്‍ബന്ധമാക്കില്ല.