സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും അടയ്ക്കുന്നു; തീരുമാനം അവലോകന യോഗത്തില്‍
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ വീണ്ടും അടയ്ക്കുന്നു. ഒമ്പത് വരെയുള്ള ക്ലാസുകള്‍ വീണ്ടും അടയ്ക്കാനാണ് തീരുമാനം. 10, 11, 12 ക്ലാസുകള്‍ തുടരും. മറ്റു ക്ലാസുകള്‍ വീണ്ടും ഓണ്‍ലൈനിലേക്ക് മാറും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് നിര്‍ദേശം ഉയര്‍ന്നത്. ജനുവരി 21 മുതല്‍ സ്‌കൂളുകള്‍ അടക്കാനാണ് നിര്‍ദേശം ഉയര്‍ന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം നാളെയുണ്ടാകും.
രോഗ വ്യാപനം തീവ്രമാകുകയാണെങ്കില്‍ സ്‌കൂളുകള്‍ പൂര്‍ണ്ണമായി അടച്ചേക്കുമെന്നാണ് സൂചന. സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങളുടെ പരിപാടികള്‍ ഓണ്‍ലൈനിലേക്ക് മാറ്റാനും തീരുമാനമായി. ഫെബ്രുവരി 5 വരെ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവില്ല. വാരാന്ത്യ നിയന്ത്രണവും രാത്രികാല കര്‍ഫ്യൂവും ഏര്‍പ്പെടുത്തില്ല.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളിലെത്തി വാക്‌സിന്‍ നല്‍കാനും തീരുമാനിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ രോഗവ്യാപനം രൂക്ഷമാണെന്നും യോഗം വിലയിരുത്തി.